NADAMMELPOYIL NEWS
MARCH 14/22
പാലക്കാട്: പാലക്കാട് തരൂരിലെ യുവമോര്‍ച്ച നേതാവ് അരുണ്‍ കുമാറിന്റെ കൊലപാതക കേസില്‍ ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ആലത്തൂര്‍ പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ മിഥുന്‍.
മിഥുന്റെ സഹോദരന്‍ അടക്കം ആറു പേര്‍ നേരത്തെ കീഴടങ്ങിയിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 7 ആയി. മാര്‍ച്ച് രണ്ടിന് ക്ഷേത്രാത്സവത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് യുവമോര്‍ച്ച നേതാവ് അരുണ്‍ കുമാറിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ 11 നാണ് മരണം സംഭവിച്ചത്.
എട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് മരണം. അരുണ്‍ കുമാറിന്റെ മരണത്തിനിടയാക്കിയത് മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തല്‍. ഹൃദയത്തിനാണ് കുത്തേറ്റത്. പഴമ്പലക്കാട്ടെ സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഈ മാസം രണ്ടിനാണ് യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറിന് കുത്തേറ്റത്. അയല്‍വാസികളും ബന്ധുക്കളുമായ കൃഷ്ണദാസ്, ജയേഷ്, സന്തോഷ്, മണികണ്ഠന്, രമേശ്, മിഥുന്‍, നിഥിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നെഞ്ചിന് കുത്തേറ്റ അരുണ്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.