പ്രതീകാത്മക ചിത്രം | Photo: Getty Images
വയറിളക്കം, ദഹനപ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് നമ്മൾ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചി. ഇന്ത്യൻ ശൈലിയിൽ തയ്യാർ ചെയ്യുന്ന കറികളിലും വിഭവങ്ങളിലും അവിഭാജ്യഘടകമാണ് ഇഞ്ചി. പനിയും ജലദോഷത്തിനും നമ്മൾ തയ്യാറാക്കി കഴിക്കുന്ന ചുക്കുകാപ്പിയിലെ പ്രധാന ചേരുവകയാണ് ഇഞ്ചി ഉണക്കി തയ്യാറാക്കുന്ന ചുക്ക്. വിഭവങ്ങളുടെ സ്വാദ് വർധിപ്പിക്കുന്നതിന് മാത്രമല്ല, നിരവധി ഔഷധഗുണങ്ങൾക്കൂടി ഇഞ്ചിക്കുണ്ട്. ഉണങ്ങിയ ഇഞ്ചി പൊടിച്ചു സൂക്ഷിക്കാനും പിന്നീട് ഉപയോഗിക്കാനും കഴിയും. നമ്മൾ നിത്യവും ഉപയോഗിക്കുന്ന ഇഞ്ചിയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഛർദിയും മനംപിരട്ടലും തടയുന്നു
ഗർഭിണികളിൽ സാധാരണ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മനംപിരട്ടലും ഛർദിയും. ഇത് ശമിപ്പിക്കുന്നതിനുള്ള ഉത്തമമാർഗമാണ് ഇഞ്ചി. അര സ്പൂൺ ഇഞ്ചി ഉണക്കിപ്പൊടിച്ചത് ഒരു ഗ്ലാസ് വെള്ളത്തിൽച്ചേർത്ത് സ്വൽപം തേനും ചേർത്ത് കഴിക്കുന്നത് ഗർഭിണികളിലെ മനംപിരട്ടലും ഛർദിയും കുറയ്ക്കും.
ദഹനക്കുറവിന്
ദഹനക്കുറവ് മൂലം വയറ്റിൽ വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. ഇത് രൂക്ഷമായിട്ടുള്ളവർക്ക് ഭക്ഷണം കഴിക്കുന്നതിനുമുമ്പ് സ്വൽപം ഇഞ്ചി ഉണക്കിപ്പൊടിച്ചത് കഴിക്കുന്നത് ഭക്ഷണം വേഗത്തിൽ ദഹിക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കുന്നതിന്
പൊണ്ണത്തടി അനുഭവിക്കുന്നവർക്ക് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഉത്തമമാർഗമാണ് ഇഞ്ചിയെന്ന് 2016-ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇഞ്ചി സഹായിക്കുമെന്ന് പഠനത്തിൽ വ്യക്തമായിട്ടുണ്ട്. ശരീരത്തിലെ നീർക്കെട്ടുകൾ കുറയ്ക്കുന്നതിനും പെട്ടെന്ന് ദഹനം നടക്കുന്നതിനും ഇഞ്ചി നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രമേഹം നിയന്ത്രിക്കാൻ
ടൈപ്പ് 2 പ്രമേഹം പിടിപെട്ടവരിൽ ഇഞ്ചി കഴിക്കുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് 2015-ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ടൈപ്പ് 2 പ്രമേഹമുള്ളർ ഇഞ്ചി കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
കൊളസ്ട്രോൾ കുറയ്ക്കാൻ
രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഇഞ്ചി സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊളസ്ട്രോളിനൊപ്പം ട്രൈഗ്ലിസറൈഡിന്റെ അളവും കുറയ്ക്കാൻ ഇത് സഹായിക്കുന്നുമെന്നും അവർ വ്യക്തമാക്കുന്നു.
ചൂടുചായയിൽ ഇഞ്ചി ചേർത്ത് കഴിക്കുന്നത് ആർത്തവത്തെ തുടർന്നുണ്ടാകുന്ന വയറുവേദന ശമിപ്പിക്കും.