മുക്കം: മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ശ്രമിച്ച മോഷ്ടാവ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി അജയ് ജന (34) യെയാണ് നാട്ടുകാർ പിടികൂടിയത്. കഴിഞ്ഞ കുറേവർഷങ്ങളായി മുക്കത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ ജോലിചെയ്തുവരികയായിരുന്നു ഇയാൾ. ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
രാത്രി എട്ടരയോടെ ക്ഷേത്രത്തിന് സമീപത്തെ മൈതാനത്തുനിന്ന് പതിവില്ലാത്ത ശബ്ദംകേട്ട കുടിവെള്ളപദ്ധതിയുടെ പമ്പ്ഹൗസ് ജീവനക്കാരൻ ഹരിദാസൻ നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. മൈതാനത്തിന് സമീപത്തെ കല്ലിൽ എറിഞ്ഞ് ഭണ്ഡാരം പൊളിക്കാൻ ശ്രമിച്ച പ്രതി ഇതോടെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു. തുടർന്ന്, നാട്ടുകാരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ചേർന്ന് അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
കുറ്റിക്കാട്ടിൽനിന്ന് പുഴയോരത്തുകൂടി ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പ്രദേശത്തെ ഉയരത്തിലുള്ള മതിൽ ചാടിക്കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ക്ഷേത്രനടയിൽ സ്ഥാപിച്ചിരുന്ന മരംകൊണ്ട് നിർമിച്ച ഭണ്ഡാരമാണ് ഇയാൾ എടുത്തുകൊണ്ടുപോയി പൊളിക്കാൻ ശ്രമിച്ചത്. ക്ഷേത്രമടയ്ക്കുന്ന സമയത്ത് ഈ ഭണ്ഡാരം സുരക്ഷിതമായി എടുത്തുവെക്കുകയാണ് പതിവ്. എന്നാൽ, കഴിഞ്ഞ ദിവസം ഈ ഭണ്ഡാരം തുറന്ന് പണമെണ്ണിത്തിട്ടപ്പെടുത്തി സൂക്ഷിച്ചുവെച്ചിരുന്നു. വൈദ്യപരിശോധന നടത്തിയ പ്രതിയെ ഞായറാഴ്ച മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമെന്ന് മുക്കം പോലീസ് പറഞ്ഞു. മുക്കം ഓർഫനേജ് റോഡിലെ പള്ളിയിൽ മോഷണം നടത്തിയതും ഇയാളാണെന്ന് സൂചനയുണ്ട്.