NADAMMELPOYIL NEWS
FEBRUARY 26/22
കീവ്: റഷ്യന്‍ സൈന്യം യുക്രെയ്ന് തലസ്ഥാനമായ കീവിനു തൊട്ടടുത്ത് എത്തിയതോടെ മലയാളി വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയില്‍. എങ്ങനെയും അതിര്‍ത്തിയില്‍ എത്തിയാല്‍ നാട്ടിലേക്കു കൊണ്ടുവരാനുള്ള സാഹചര്യം ഒരുക്കാമെന്നാണ് എംബസിയുടെ നിലപാട്. എന്നാല്‍ അതിര്‍ത്തിയിലേക്കുള്ള യാത്ര സംബന്ധിച്ച് കൃത്യമായ നിര്‍ദേശം നല്കാന് എംബസി അധികൃതര്‍ക്കു കഴിയുന്നില്ല. കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ലെന്നും എംബസിയില്‍നിന്ന് ഇടയ്ക്കിടെ നിര്‍ദേശങ്ങളില്‍ മാറ്റം വരുന്നതു തങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു.
കീവില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെയുള്ള വിനിട്സ്യായിലെ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന ഇരുപത്തഞ്ചോളം വരുന്ന സംഘം ഇന്നലെ ബസില്‍ ഹംഗേറിയന്‍ അതിര്‍ത്തിയിലേക്ക് നീങ്ങാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയപ്പോള്‍ അതിര്‍ത്തി അടച്ചുവെന്ന വാര്‍ത്തവന്നു. ഇതേതുടര്‍ന്ന് ഇവര്‍ ഭൂഗര്‍ഭ അറയിലേക്കുതന്നെ മാറി. രണ്ടു മണിക്കൂറിനുശേഷം വീണ്ടും എംബസിയില്‍നിന്ന് അറിയിപ്പു വന്നതോടെ ബസില്‍ പുറപ്പെട്ടു. ഇവര്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് അതിര്‍ത്തിയിലേക്ക് 800 കിലോമീറ്ററോളം ദൂരമുണ്ട്. ഇടയ്ക്ക് മാര്‍ഗതടസം നേരിടുകയോ റൂട്ട് മാറിപ്പോകേണ്ട സാഹചര്യമോ ഉണ്ടാകുമോയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.
സൈനികരുടേയോ പോലീസിന്റെയോ അകമ്പടിയില്ലാതെയുള്ള യാത്ര അതിസാഹസമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. റിസ്ക് എടുത്ത് അതിര്‍ത്തിയില്‍ എത്തുമ്പോഴേക്കും അതിര്‍ത്തി അടച്ചാലും പ്രശ്നമാകും. റഷ്യന്‍ സൈന്യം കീവ് കീഴടക്കുന്നതിനുമുമ്പ് എങ്ങനെയും അതിര്‍ത്തിയിലെത്താന്‍ കഴിയണമെന്ന പ്രാര്‍ഥനയിലാണ് ഈ വിദ്യാര്‍ഥികളും നാട്ടിലുള്ള ഇവരുടെ ബന്ധുക്കളും. തടസങ്ങളുണ്ടായില്ലെങ്കില്‍ ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ മൂന്നോടെ ഇവര്‍ അതിര്‍ത്തിയിലെത്തും. കോളജ് വാഹനങ്ങളിലും മറ്റും സംഘമായി റുമേനിയന്‍ അതിര്‍ത്തിയിലേക്കു പുറപ്പെട്ട വിദ്യാര്ഥിസംഘങ്ങളുമുണ്ട്. കീവില്‍നിന്ന് റുമാനിയയിലേക്കാണ് ഏറ്റവും ദൂരക്കുറവ്.