പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ അടുത്ത മാസം ആദ്യം മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ ചട്ടങ്ങളില്‍ അടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

പൊതുഇടങ്ങളില്‍ മാസ്ക് ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ല. എന്നാല്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.

കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണം. പൂര്‍ണമായ രീതിയില്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ. പ്രാദേശിക തലത്തില്‍ ഓരോ ഇമറൈറ്റുകള്‍ക്കും ക്വാറന്‍റൈന്‍ സമയം നിശ്ചയിക്കാനും അധികാരം നല്‍കിയിട്ടുണ്ട്.പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരുമീറ്റര്‍ നിയന്ത്രണം തുടരും.

വാക്സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *