Representative Image
ബര്‍ലിന്‍: ആഡംബര കാറുകളുമായി അമേരിക്ക ലക്ഷ്യമാക്കി നീങ്ങിയിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു. പോര്‍ഷെ, ഔഡി, ലംബോര്‍ഗിനി തുടങ്ങിയവയുടെ ആഡംബര കാറുകളടക്കം അയ്യായിരത്തോളം വാഹനങ്ങള്‍ കയറ്റിയ ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന 22 ഓളം ജീവനക്കാരെ പോര്‍ച്ചുഗീസ് നാവികസേനയും വ്യോമസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
അറ്റ്ലാന്റിക് സമുദ്രത്തിലെ അസോറസ് ദ്വീപില്‍ നിന്ന് 90 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഫെലിസിറ്റി ഏസ് എന്ന പനാമ കാര്‍ഗോ കപ്പലിന് തീപീടിച്ചത്. 17000 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് കപ്പല്‍.
കപ്പലില്‍ ഫോക്‌സ് വാഗണിന്റെ 3,965 വാഹനങ്ങള്‍ ഉണ്ടായിരുന്നതായി ഫോക്‌സ്വാഗണ്‍ യുഎസ് അറിയിച്ചു. പോര്‍ഷെയുടെ 1,100 കാറുകളാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന്, ബുക്ക് ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് വാഹനം ലഭിക്കാന്‍ വൈകുമെന്ന് വാഹന നിര്‍മാതാക്കള്‍ അറിയിച്ചു.
ചരക്കുകപ്പലിന് തീപിടിച്ചു
ആദ്യമായല്ല ആഡംബര വാഹനങ്ങളടങ്ങിയ കപ്പലിന് തീപിടിക്കുന്നത്. 2019ല്‍ ഗ്രാന്‍ഡെ അമേരിക്കയില്‍ സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഔഡി, പോര്‍ഷെ തുടങ്ങിയ 2000 ത്തോളം ആഡംബര വാഹനങ്ങളാണ് കപ്പലില്‍ ഉണ്ടായിരുന്നത്.