അഹമ്മദാബാദ് സ്ഫോടനക്കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ അഞ്ചില്‍ മൂന്ന് മലയാളികള്‍ക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. ഈരാറ്റുപേട്ട പീടിക്കല്‍ ഷാദുലി, സഹോദരന്‍ ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവര്‍ക്കാണ് വധശിക്ഷ. വാഗമണ്‍, പാനായിക്കുളം സിമി ക്യാമ്ബ് കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഷിബിലി, ഷാദുലി സഹോദരങ്ങള്‍.
കുറ്റക്കാരുടെ പട്ടികയിലെ മറ്റ് മലയാളികള്‍ ഇവരാണ്: ആലുവാ കുഞ്ഞാനിക്കര സ്വദേശി മുഹമ്മദ് അന്‍സാരി, മംഗലാപുരത്ത് നിന്നുള്ള മലയാളി നൗഷാദ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
ബോംബുകള്‍ക്കുള്ള ചിപ്പുകള്‍ തയ്യാറാക്കി നല്‍കിയതാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷറഫുദ്ദീന്‍റെ കുറ്റം. കൂട്ടുപ്രതിയും ഇയാളുടെ ബന്ധുവുമായ അബ്ദുള്‍ റഹ്‌മാന്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഷറഫുദ്ദീന്‍റെ പിതാവ് ഇടി സൈനുദ്ദീന്‍, അബ്ദുള്‍ സത്താര്‍, സുഹൈബ് പൊട്ടുമണിക്കല്‍ എന്നീ മൂന്ന് മലയാളികള്‍ കൂടി പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ കോടതി കുറ്റവിമുക്തരാക്കി.
പാനായിക്കുളം തീവ്രവാദപരിശീലനക്യാമ്ബില്‍ പങ്കെടുത്ത കേസില്‍ പ്രതിയാണ് മുഹമ്മദ് അന്‍സാരി. 2013-ല്‍ സബര്‍മതി ജയിലില്‍ തുരങ്കമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച കേസിലും ഷിബിലി പ്രതിയാണ്. ഇക്കാരണത്താള്‍ ഷിബിലി അടക്കം പതിനാലാം ബാരക്കിലെ പ്രതികളെ ഭോപ്പാല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. അറസ്റ്റിലായ നാള്‍ മുതല്‍ ജാമ്യമില്ലാതെ ജയിലില്‍ കഴിയുകയാണ് പ്രതികള്‍.