NADAMMELPOYIL NEWS
JANUARY 30/22

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഡ്യൂട്ടി സമയത്ത് മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ മൊബൈൽഫോൺ വിനോദങ്ങളിൽ മുഴുകുന്നത് വിലക്കി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിറക്കി. ഓഫീസ് സമയത്ത് മൊബൈലിനെ വിനോദ ഉപാധിയായി കാണരുതെന്നും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ഫോൺ ഉപയോഗിക്കാവൂവെന്നും ഉത്തരവിൽ പറയുന്നു. മിനിസ്റ്റീരിയിൽ ജീവനക്കാർ ജോലിയിൽ വീഴ്ച വരുത്തുന്നതിനെതിരെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ഓഫിസ് സമയത്ത് മറ്റ് ആവശ്യങ്ങൾക്കായി ബ്രാഞ്ചിലെ എല്ലാവരും പുറത്തു പോകുന്ന അവസ്ഥ അനുവദിക്കില്ല. ജീവനക്കാർ അച്ചടക്കത്തോടെ ജോലി ചെയ്യുന്നുണ്ടെന്ന് മാനേജർമാർ ഉറപ്പാക്കണം. ഇല്ലെങ്കിൽ മാനേജർക്കും വീഴ്ചവരുത്തിയ ജീവനക്കാർക്കും എതിരെ നടപടി സ്വീകരിക്കും. അപേക്ഷ നൽകാതെ ദിവസങ്ങളോളം അവധിയിൽ തുടരുന്ന പ്രവണതയും ഇനി അനുവദിക്കില്ല. പൊലീസ് ആസ്ഥാനത്തെ ഓഫീസ് അറ്റൻഡർമാർ ഒഴികെയുള്ള മിനിസ്റ്റീരിയൽ ജീവനക്കാർ 10.15ന് മുമ്പ് ഓഫീസിൽ ഹാജരാകണം.

ഓഫീസ് സമയത്ത് പുറത്തു പോകാൻ മേലധികാരിയുടെ മുൻകൂർ അനുമതി വാങ്ങണം. പുറത്തു പോകുന്നവർ ജൂനിയർ സൂപ്രണ്ടുമാർ സൂക്ഷിക്കുന്ന രജിസ്റ്ററിൽ എവിടെയാണ് പോകുന്നതെന്നും തിരികെ വന്ന സമയവും രേഖപ്പെടുത്തണം. ഓഫീസ് സമയത്ത് കൃത്യമായി എത്താൻ കഴിയാത്ത ജീവനക്കാർ ആ വിവരം സെക്ഷൻ ജൂനിയർ സൂപ്രണ്ടിനെ അറിയിക്കണം. ഓഫീസ് ആവശ്യങ്ങൾക്ക് ജീവനക്കാർക്ക് അനുവദിച്ച സിം എപ്പോഴും പ്രവർത്തനക്ഷമമായിരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *