കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. ഇതോടെ കാണാതായവരിൽ രണ്ട് പേരെ പോലീസിന് കണ്ടെത്താനായി. മൈസൂരുവിലെ മാണ്ഡ്യയിൽ വെച്ചാണ് രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത്. ഒരാളെ വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു.

മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു പെൺകുട്ടിയെന്ന് പോലീസ് പറയുന്നു. ഇവരെ കോഴിക്കോട്ടെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷപ്പെട്ട് മറ്റ് നാല് പെൺകുട്ടികളും അധികം ദൂരമൊന്നും പോവാൻ സാധ്യതയില്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്. കുട്ടികളുടെ കയ്യിൽ പണമില്ലാത്തതിനാൽ വഴിയിൽ പരിചയപ്പെട്ടവരിൽ നിന്ന് കടം വാങ്ങിയും മറ്റുമാണ് യാത്ര. അതുകൊണ്ട് തന്നെ മറ്റുള്ളവരേയും ഉടൻ പോലീസിന് കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ.

ഇവരെ കണ്ടെത്താനും കണ്ടെത്തിയവരെ നാട്ടിലെത്തിക്കാനുമായി കേരള പോലീസിന്റെ രണ്ട് സംഘങ്ങൾ ബെംഗളൂരുവിലേക്ക് പോയിട്ടുണ്ട്. റിപ്പബ്ലിക്ക് ഡേ ആഘോഷത്തിനിടേയായിരുന്നു കെട്ടിടത്തിന് മേൽ കോണി വെച്ച് ആറ് പേരും രക്ഷപ്പെട്ടത്. പിന്നീട് ബെംഗളൂരുവിൽ എത്തിയെന്ന വിവരം പോലീസിന് ലഭിക്കുകയായിരുന്നു. രണ്ട് യുവാക്കളുടെ സഹായവും ഇവർക്ക് ലഭിച്ചിരുന്നു. ഈ യുവാക്കളുടെ സഹായത്തോടെയാണ് പെൺകുട്ടികൾക്ക് ബെംഗളൂരു മഡിവാളയിലെ ഹോട്ടലിൽ മുറി ലഭിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ യുവാക്കൾ ഹോട്ടലിലെത്തി മുറി അന്വേഷിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ വീണ്ടും വന്ന് തിരിച്ചറിയൽ കാർഡ് കാണിച്ച് മുറി ബുക്കുചെയ്യാനൊരുങ്ങി.

 കുറച്ച് സന്ദർശകരുണ്ടാകുമെന്നും അറിയിച്ചു. അധികം താമസിയാതെ ആറു പെൺകുട്ടികൾ ലോബിയിലേക്ക് കയറിവന്നു. തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ കൈയിലില്ലെന്നും എല്ലാവരുടെയും മൊബൈൽ ഫോൺ കളവുപോയെന്നുമായിരുന്നു മറുപടി. ഇതോടെ ജീവനക്കാർക്ക് സംശയംതോന്നി. കേരളത്തിൽനിന്ന് പെൺകുട്ടികളെ കാണാതായത് സംബന്ധിച്ച് നേരത്തേ മലയാളി സംഘടനാ പ്രവർത്തകർ ഹോട്ടലുകാർക്ക് മുന്നറിയിപ്പുനൽകിയിരുന്നു. 

അതിനാൽ ഹോട്ടൽ ജീവനക്കാർ മഡിവാള പോലീസിനെയും കെ.എം.സി.സി, എം.എം.എ. പ്രവർത്തകരെയും വിവരമറിയിച്ചു. ഇതിനിടെ പെൺകുട്ടികൾ ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് അടച്ചെങ്കിലും അഞ്ചുപേർ സമീപത്തെ മതിൽചാടി രക്ഷപ്പെടുകയായിരുന്നു. 

മൊബൈൽ ഫോൺ നഷ്ടമായെന്നു പറഞ്ഞാണ് പെൺകുട്ടികൾ സഹായം തേടിയതെന്നാണ് യുവാക്കൾ അറിയിച്ചത്. കാണാതായ കുട്ടികളിൽ രണ്ടുപേർ ഈ മാസം 25-ന് ചിൽഡ്രൻസ് ഹോമിൽ എത്തിയതാണ്. മറ്റു നാലുപേർ ഒരു മാസത്തിനിടയിലും എത്തിയവരാണ്.

Leave a Reply

Your email address will not be published. Required fields are marked *