കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ സൈനിക ശക്തിയും കരുത്തും വിളിച്ചോതുന്ന പരേഡുമായി രാജ്യം എഴുപത്തിമൂന്നാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു.ദേശീയ യുദ്ധ സ്മാരകത്തില്‍ ധീരജവാന്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചതോടെയാണ് റിപ്പബ്ളിക് ദിന ചടങ്ങുകള്‍ക്ക് തുടക്കമായത്. പത്തരയ്ക്ക് രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. സ്വതന്ത്ര്യത്തിന് ശേഷമുള്ള വിവിധ യൂണിഫോമുകള്‍ അണിഞ്ഞാണ് കരസേന പരേഡില്‍ അണിനിരന്നത്.

ജമ്മുകശ്മീരില്‍ ഭീകരരെ നേരിട്ട് വീരമൃത്യു വരിച്ച ജമ്മുകശ്മീര്‍ പൊലീസിലെ എഎസ്‌ഐ ബാബു റാമിന് അശോക് ചക്ര മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. ഡല്‍ഹി ഏരിയാ ജനറല്‍ ഓഫീസര്‍ ഇന്‍ കമാന്‍ഡ് ലഫ്റ്റനന്‍റ് ജനറല്‍ വികെ മിശ്രയാണ് പരേഡ് നയിച്ചത്. ഇന്ത്യന്‍ സേനയിലെ ഏറ്റവും പഴയ റജിമെന്‍റായ രാഷ്ട്രപതിയുടെ അംഗരക്ഷകര്‍ക്ക് പിന്നാലെ ലോകത്ത് ഇന്ന് അവശേഷിക്കുന്ന ഏക കുതിരപട്ടാളവും അണിനിരന്നു.

1971 ലെ ഇന്ത്യ പാക് യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുണ്ടായിരുന്ന സെന്‍ച്ചൂറിയന്‍ പി 76 ടാങ്കുകള്‍ പഴയ പോരാട്ടങ്ങളുടെ സന്ദേശം നല്കി. മൂന്നാം തലമുറ മെയിന്‍ ബാറ്റില്‍ ടാങ്ക് അര്‍ജുന്‍ എംകെ വണ്‍, ടാങ്കുകള്‍ നന്നാക്കാന്‍ എവിടെയും ഉപയോഗിക്കാവുന്ന എപിസി ടോപാസ്, ഹൊവിറ്റ്സ്ര്‍ എംകെ വണ്‍, ധനുഷ് തോക്കുകള്‍, ആകാശ് മിസൈലുകള്‍ തുടങ്ങിയവ ഇന്ത്യന്‍ സേന കൈവരിച്ച കരുത്തിന്റെ തെളിവായി.

പിന്നീട് സൈനിക അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ 16 സംഘങ്ങള്‍ ഇന്ത്യയുടെ സര്‍വ്വസൈന്യാധിപന് സല്യൂട്ട് നല്കി. 1950 ലെ യൂണിഫോമും 47 ലെ ഇന്ത്യ- പാക് യുദ്ധത്തിലെ ആയുധവുമായാണ് രാജ്പുഥ് റജിമെന്‍റിലെ സൈനികര്‍ എത്തിയത്.1960 ലെ യുണിഫോമുമായി അസം രജിമെന്‍റും എഴുപതിലെ യുണിഫോമണിഞ്ഞ് ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ററി റജിമന്‍റും എത്തി. പോരാട്ടമുഖത്തെ സേനയുടെ പുതിയ യൂണിഫോം അണിഞ്ഞ് പാരച്യൂട്ട് റജിമെന്‍റ് പരേഡില്‍ ശ്രദ്ധ നേടി. മേഘാലയ ഒരുക്കിയ നിശ്ചല ദൃശ്യം പിന്നാലെ എത്തി.

തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ് ജില്ലാ വികസന പദ്ധതിയും കാശി വിശ്വനാഥ ഇടനാഴിയും വിഷയമാക്കി, വിവാദങ്ങള്‍ക്കിടെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികം കേന്ദ്ര പൊതുമരാമത്ത് വകുപ്പ് വിഷയമാക്കി. സ്വാന്ത്ര്യത്തിന്റെ 75 ആം വര്‍ഷത്തില്‍ നെറ്റിപ്പട്ടം കെട്ടിയ ആനയുടെ മാതൃകയ്ക്കു പിന്നില്‍ ആയിരം പേര്‍ ഒരുക്കിയ കലാവിരുന്ന് പുതുമയായി. വിരുന്നില്‍ അന്‍പതിലധികം മലയാളികളുടെ സാന്നിധ്യമുണ്ടായിരുന്നു.

അതിര്‍ത്തി രക്ഷാസേനയുടെ ധീര വനിതകളും ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും മോട്ടോര്‍ സൈക്കിള്‍ അഭ്യാസവുമായി രാജ്പഥിനെ ആവേശം കൊള്ളിച്ചു. അഞ്ചു റഫാല്‍ വിമാനങ്ങളും, സുഖോയും, മിഗുമെല്ലാം അണിനിരന്ന ആകാശവിസ്മയത്തോടെയാണ് റിപ്പബ്ളിക് ദിന പരേഡിന് തിരശ്ശീല വീണത്.

Leave a Reply

Your email address will not be published. Required fields are marked *