കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത്.
കോളേജുകൾ അടച്ചിട്ടേക്കും. പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികൾ വന്നേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യൂവും സജീവ പരിഗണനയിലുണ്ട്. നിയന്ത്രണം കടുപ്പിക്കുമ്പോഴും സമ്പൂർണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്നാണ് സൂചന.
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. വരാനിരിക്കുന്നത് ഒമിക്രോൺ സാമൂഹിക വ്യാപനത്തിന്‍റെ പ്രതിഫലനമാണെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.