NADAMMELPOYIL NEWS
JANUARY 20/22
മലപ്പുറം: തന്റെ ഫോൺ സംഭാഷണത്തിന്റെ ചെറിയ ഭാഗം മാത്രം മാദ്ധ്യമങ്ങൾക്ക് അയച്ചുകൊടുത്തവർ അതിന്റെ പൂർണ്ണഭാഗം പുറത്തുവിടാനുളള മാന്യത കാണിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ബി.ജെ.പിക്കാർ മുസ്‌ലിം ലീഗിന് വോട്ട് ചെയ്യാൻ തയ്യാറാണെങ്കിൽ അവരെയും പോയി കാണുമെന്ന തരത്തിൽ തന്റെ ഫോൺ സംഭാഷണം പ്രചരിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയിൽ ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമുണ്ടാക്കി സംഘടനയെ നശിപ്പിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വരുമ്പോൾ അസ്വസ്ഥതകൾ സ്വാഭാവികമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ചില പ്രാദേശികനേതാക്കൾ മാറിനിന്നിരുന്നു. അവരോട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യം വിളിച്ചന്വേഷിച്ച പ്രാദേശിക ലീഗ് പ്രവർത്തകനോട് ഫോണിൽ സംസാരിക്കുന്നതിന്റെ ചെറിയ ഭാഗമാണിപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്.
പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് കിട്ടണം, അവരെ വിജയിപ്പിക്കുന്നതിന് ആരെ വേണമെങ്കിലും പോയി കാണുമെന്നതായിരുന്നു തന്റെ സംസാരത്തിന്റെ സാരാംശം. ബി.ജെ.പിക്കാരുമായി പോലും സംസാരിക്കുമെന്നത് ആലങ്കാരിക പ്രയോഗമാണെന്നത് ശബ്ദത്തിൽ തന്നെ വ്യക്തമാണ്. അച്ചടക്ക നടപടി നേരിട്ട ശേഷം പാർട്ടിക്കെതിരെ പ്രവർത്തിക്കാൻ ചെലവഴിക്കുന്ന ഊർജ്ജത്തിന്റെ നൂറിലൊരംശം നേതൃത്വത്തിൽ ഇരിക്കുമ്പോൾ സംഘടനയ്ക്ക് വേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ പഴയ ഫോൺ സംഭാഷണങ്ങൾ തിരഞ്ഞ് നടക്കേണ്ടിയിരുന്നില്ലെന്നും പി.എം.എ. സലാം പറഞ്ഞു.
ശബ്ദരേഖ കോലിബിയെ അരക്കിട്ടുറപ്പിക്കുന്നു: മന്ത്രി ദേവർകോവിൽ
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും രഹസ്യവും പരസ്യവുമായി സംഘപരിവാറുമായി മുസ്ലിംലീഗ് വോട്ട് കച്ചവടം നടത്തുന്നത് പുതുമയുള്ള വാർത്തയല്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇടതു പക്ഷത്തിന്റെ പരാജയം ഉറപ്പാക്കാൻ മുസ്ലിംലീഗ് ജന്മം നൽകിയ അവിശുദ്ധ സമവാക്യമാണ് കോലിബി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും പിണറായി സർക്കാറിന്റെ ഭരണ തുടർച്ച തടയാൻ ഈ അവിശുദ്ധ സഖ്യം ജമാഅത്തെ ഇസ്ലാമിയെകൂടി ചേർത്ത് വിപുലമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്തുതന്നെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഈ സഖ്യം രൂപപ്പെടുത്തിയത് എൽഡിഎഫ് ചൂണ്ടിക്കാണിച്ചിരുന്നതാണ്. അതിനെ ശരിവയ്ക്കുന്നതാണ് പി.എം.എ സലാമിന്റെതായി പുറത്തുവന്ന ശബ്ദ രേഖകൾ.