കൊച്ചി: ടിപിആര്‍ 35 കടന്നതോടെ എറണാകുളത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലഭരണകൂടം. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഷോപ്പിംഗ് മാളുകളിലെ പ്രവേശനത്തിനും നിയന്ത്രണം കര്‍ശനമാക്കി.

സംസ്ഥാനത്തെ വാണിജ്യ തലസ്ഥാനമായ കൊച്ചി ഉള്‍പ്പെടുന്ന എറണാകുളം ജില്ലയില്‍ 4,100 ആണ് കഴിഞ്ഞ ദിവസത്തെ കൊവിഡ് രോഗികള്‍. കഴിഞ്ഞ ജനുവരി ഒന്നിന് 400 കൊവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഇടത്ത് നിന്നാണ് ഈ മാറ്റം. ഈ സാഹചര്യത്തിലാണ് ജില്ലയിലെ കൊവി‍ഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനുള്ള നീക്കം.

ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും യോഗം ഉടന്‍ ചേര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങളെ പറ്റി ആലോചിക്കും. ആരാധനാലയങ്ങളിലെ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.

ജില്ലയില്‍ 117 കൊവിഡ് രോഗികളാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കേസുകള്‍ പെരുകുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ ആകുന്നവരുടെ എണ്ണം പഴയ പോലെ കൂടാത്തത് ആശ്വാസകരമാണ്.

നിലവില്‍ ആയിരത്തിലധികം ഐസിയു-ഓക്സിജന്‍ കൊവിഡ് കിടക്കകള്‍ ജില്ലയിലുണ്ട്. എന്നാല്‍ പഴയ പോലെ ആളുകള്‍ ജാഗ്രത പാലിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ഒമിക്രോണ്‍ നിസ്സാരമെന്ന നിഗമനത്തില്‍ രോഗികള്‍ ക്വാറന്‍റൈന്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി കൈവിട്ട് പോകുമോ എന്ന ആശങ്കയിലാണ് ജില്ലഭണകൂടം.

Leave a Reply

Your email address will not be published. Required fields are marked *