ജനിതക പരിശോധനാഫലം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ നിലവിലെ വ്യാപനം ഡെൽറ്റയാണോ ഒമിക്രാണാണോ എന്ന് സർക്കാരിന് ഇനിയും വ്യക്തമാക്കാനായിട്ടില്ല.

തിരുവനന്തപുരം: കൊവിഡിൽ (Covid) ആശങ്ക കൂട്ടി സംസ്ഥാനത്ത് ഗുരുതര രോഗികളുടെ എണ്ണം ഉയർന്നു. ഗുരുതര രോഗികളുടെ എണ്ണം 50 ശതമാനം കൂടിയാൽ ചികിത്സാ സൗകര്യങ്ങൾ കൂട്ടണമെന്നാണ് ആദ്യഘട്ട മുന്നറിയിപ്പെന്നിരിക്കെ ഇന്നലെയോടെ കേരളം ഈ ഘട്ടത്തിലെത്തി. അതേസമയം, ജനിതക പരിശോധനാഫലം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ നിലവിലെ വ്യാപനം ഡെൽറ്റയാണോ ഒമിക്രാണാണോ (Omicron) എന്ന് സർക്കാരിന് ഇനിയും വ്യക്തമാക്കാനായിട്ടില്ല. കേസുകൾ കൂടുമ്പോഴും ഒമിക്രോൺ ജനിതക പരിശോധനാ ഫലങ്ങൾ രണ്ട് ദിവസത്തിലൊരിക്കൽ പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഇന്നലെ 22,946 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ടിപിആർ. 33.07 ശതമാനമാണ് ഇന്നലെ പോസിറ്റിവിറ്റി നിരക്ക്.

നവംബർ 1ലെ കണക്കിൽ നിന്നും ആശുപത്രി അഡ്മിഷൻ ഇരട്ടിച്ച്, ഐസിയു കേസുകളിൽ 50 ശതമാനം കൂടിയാൽ കൂടുതൽ സംവിധാനമൊരുക്കാനുള്ള ആദ്യഘട്ടമെന്നാണ് കേരളം തയാറാക്കിയ മുന്നറിയിപ്പ്. ഈ ഘട്ടത്തിൽ ഐസിയുവും വെന്റിലേറ്ററും 20 ശതമാനം കൂട്ടണം. കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കണം. ക്ലസ്റ്ററുകളിൽ ജനിതക പരിശോധനയും, മരുന്നുകളുടെയും ഓക്സിജന്റെയും സംഭരണവും നടത്തണം എന്നായിരുന്നു മുന്നറിയിപ്പ്. ഇന്നലത്തെ കണക്കിൽ ആശുപത്രി അഡ്മിഷൻ നവംബർ 1ലെ 169ൽ നിന്നും 711 ആയി. നവംബർ 1ന് 18904 പേർ ചികിത്സയിലുണ്ടായിരുന്നിടത്ത് ഇന്നലെ 6 മടങ്ങ് കൂടി 1,21,458 ആയി. ഐസിയു കേസുകൾ 45 ശതമാനം കൂടി. 449ൽ നിന്നും 655ലേക്കെത്തി. ചികിത്സാ സംവിധാനങ്ങൾ വർധിപ്പിക്കാനുള്ള അലർട്ടിന്റെ ആദ്യഘട്ടം. അതേസമയം, ഇപ്പോഴത്തെ വ്യാപന കാരണം ഡെൽറ്റാ വകഭേദമാണോ ഒമിക്രോൺ തന്നെയാണോ എന്നതിൽ സർക്കാരിപ്പോഴും വ്യക്തമായ ഉത്തരം നൽകുന്നില്ല. തിരുവനന്തപുരത്ത് അവസാനം ലഭിച്ച ഫലമനുസരിച്ച്, വിദേശത്ത് നിന്നല്ലാത്തവരുടേതെല്ലാം ഡെൽറ്റാ വകഭേദമായിരുന്നു. എന്നാൽ കോഴിക്കോടാകട്ടെ വിദേശയാത്രാ പശ്ചാത്തലമില്ലാത്തവരുടെ ഫലം പോലും ഒമിക്രോൺ പോസിറ്റീവ്.

ജനിതക പരിശോധനാഫലങ്ങളിൽ വലിയ കാലതമാസമാണ് ഉണ്ടാവുന്നത്. 2000 പരിശോധന പ്രതിദിനം നടത്താൻ ശേഷിയുള്ള രാജീവ് ഗാന്ധി സെന്റർ, പരിശോധനാ സാമഗ്രികളില്ലാത്തതിനാൽ പ്രതിദിനം 20 ഫലം നൽകാനേ കഴിയൂവെന്നാണ് തിരുവനന്തപുരത്തെ അധികൃതരെ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തേണ്ട സാമഗ്രികൾ ക്രിസ്മസ്, ന്യൂഇയർ അവധികൾ കാരണം എത്തിയില്ലെന്നാണ് വിശദീകരണം. ദിവസേന എല്ലാ ജില്ലകളിലും നൂറുകണക്കിന് സാംപിളുകളെടുക്കുന്ന സംസ്ഥാനത്ത് അവസാനമായി ഒമിക്രോൺ ഫലം വന്നത് 3 ദിവസം മുൻപാണ്. എല്ലാ ദിവസവും ഫലം ലഭിക്കാറുമില്ല.

Leave a Reply

Your email address will not be published. Required fields are marked *