കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സിറ്റി പോലീസ് ബീച്ചിലേക്കും മറ്റ് തിരക്കേറിയ ഇടങ്ങളിലേക്കുമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ ഇന്നലെ ബീച്ചിലേക്ക് പോകുന്നവരിൽ പലരും പോലീസ് നിയന്ത്രണങ്ങൾ അറിയാതെ സി.എച്ച്. മേൽപ്പാലത്തിലെത്തി. ഇവിടെ പോലീസും വാഹനയാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പെട്ടന്നുണ്ടായ നിയന്ത്രണം നഗരത്തിൽ എത്തിയതിനുശേഷമാണ് ഭൂരിഭാഗം പേരും അറിഞ്ഞത്.
മാളുകളിലും മറ്റും തിരക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങളും പോലീസ് നടത്തിയിരുന്നു. കൂട്ടംകൂടി നിൽക്കുന്നവരെയും മാസ്‌ക് ധരിക്കാതെ എത്തുന്നവരെയും നിയന്ത്രിക്കാനായിരുന്നു തീരുമാനം. എന്നാൽ വൈകിട്ടോടെ പെട്ടെന്ന് മേൽപ്പാലത്തിലും പരിസരത്തും വൻ വാഹനവ്യൂഹം രൂപപ്പെടുകയായിരുന്നു. തുടർന്ന് ബാരിക്കേഡ് വെച്ച് റോഡുകളിൽ നിയന്ത്രണമേർപ്പെടുത്തി. ബീച്ചിലും വലിയ തിരക്കനുഭവപ്പെട്ടു. പോലീസ് നിയന്ത്രണങ്ങൾ പെട്ടെന്ന് ഉണ്ടായതാണെന്നും മുൻകൂട്ടി അറിയിപ്പില്ലാത്തതിനാലാണ് തങ്ങൾ ബീച്ചിലെത്തിയതെന്നും പലരും അഭിപ്രായപ്പെട്ടു. പല വാഹനങ്ങളുടെയും രജിസ്‌ട്രേഷൻ നമ്പറുകൾ പോലീസ് ഫോണിൽ പകർത്തിയത് ചിലയിടങ്ങളിൽ വാഹനയാത്രക്കാരും പോലീസുംതമ്മിൽ വാക്കേറ്റത്തിനിടയാക്കി. പലയിടങ്ങളിലും പോലീസ് മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ തിരിച്ചുവിട്ടു.