തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗം നിര്‍ണ്ണായക തീരുമാനമെടുക്കും. സ്കൂളുകളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിലും തീരുമാനം വരും. ഞായറാഴ്ച അടച്ചിടല്‍, രാത്രികാല കര്‍ഫ്യു അടക്കം വരുമോ എന്നുള്ളതാണ് അറിയേണ്ടത്.
ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ കൂടുതല്‍ നിയന്ത്രണം വരാന്‍ സാധ്യതയുണ്ട്. നിലവിലെ ക്ലാസുകളുടെ സമയം കുറക്കുന്നതും ഓണ്‍ലൈനിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. എന്നാല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഓഫ് ലൈനായി തുടരാനാണ് സാധ്യത. മാര്‍ച്ച് അവസാനം നിശ്ചയിച്ച വാര്‍ഷിക പരീക്ഷകള്‍ മാറ്റാനിടയില്ല.
*കേസ് കൂടിയാല്‍ ചികിത്സയ്ക്ക് ഹോമിയോ, ഡെന്‍്റല്‍ ഡോക്ടര്‍മാരും !*
കൊവിഡ് കേസുകള്‍ കുത്തനെ കൂടിയാല്‍ മൂന്ന് ഘട്ടങ്ങളായുള്ള പ്രത്യേക കര്‍മ്മപദ്ധതി നടപ്പിലാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ആലോചന. സ്വകാര്യ ആശുപത്രികളെ കൂടി സജ്ജമാക്കാനും കോവിഡിതര ചികിത്സകള്‍ നിയന്ത്രിക്കാനും നിര്‍ദേശിച്ചാണ് മുന്നൊരുക്കം. ക്ലസ്റ്ററുകളില്‍ ഒമിക്രോണ്‍ ജനിതക പരിശോധനയും റാന്‍ഡം പരിശോധനയും നടത്തും. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് നേരിടാന്‍ ഹോമിയോ, ഡെന്റല്‍ ഡോക്ടര്‍മാരെയും നിയോഗിക്കും. ഓക്സിജന്‍, ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ പരമാവധി ശേഷിയിലെത്തിക്കാനും പകരം സംവിധാനങ്ങള്‍ കരുതാനും ഒരുക്കം തുടങ്ങി.
മൂന്ന് ഘട്ടം നിശ്ചയിച്ചാണ് സംസ്ഥാനത്തെ ഒരുക്കം. നിലവിലെ ചികിത്സാ സംവിധാനങ്ങളെ കൊവിഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഴയരീതി വീണ്ടും കൊണ്ടുവരും. ജനുവരി ഒന്നിലെ കണക്കില്‍ നിന്നും, ആശുപത്രി കേസുകള്‍ ഇരട്ടിയാവുകയും ഗുരുതര കേസുകളില്‍ 50 ശതമാനം വര്‍ധനവും ഉണ്ടായാല്‍ ആദ്യഘട്ടം. ഈ ഘട്ടത്തില്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കണം. ഓക്സിജന്‍, ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ കൊവിഡിനായി 20 ശതമാനം വര്‍ധിപ്പിക്കണം. ഹോമിയോ, ഡെന്റല്‍ അടക്കം മറ്റു വിഭാഗങ്ങളെ കോവിഡ് ചികിത്സയിലേക്ക് കൊണ്ടുവരണം. ക്ലസ്റ്ററുകളില്‍ പരിശോധന കൂട്ടി ഒമിക്രോണ്‍ ജനിതക പരിശോധനയും നടത്തണം. ഐസൊലേഷന്‍ നടപ്പാക്കണം. മരുന്നുകളും ഓക്സിജനും കൂടുതലായി സംഭരിക്കണം.
ഐസിയു കേസുകള്‍ ഇരട്ടിയാവുകയും, രോഗികളുടെ എണ്ണം എണ്ണം ജില്ലയിലെ മൊത്തം ആശുപത്രി അഡ്മിഷന്റെ പത്ത് ശതമാനമെത്തുകയും ചെയ്താല്‍ രണ്ടാംഘട്ടം. ഈ ഘട്ടത്തില്‍ കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കും. കോവിഡിതര ചികിത്സകള്‍ നിയന്ത്രിക്കും. ഐസിയു, വെന്റിലേറ്റര്‍ സംവിധാനം 30 ശതമാനം കൂടി കൂട്ടും. കരുതല്‍ സംഭരണം നൂറുശതമാനമാക്കണം. ഈ ഘട്ടത്തില്‍ ശ്വാസകോശ പ്രശ്നങ്ങളുള്ളവര്‍ക്ക് പൂര്‍ണമായും ഹോം ഐസോലേഷനാണ്. പനിയുണ്ടെങ്കില്‍ നിര്‍ബന്ധ പരിശോധന. കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ നാലിലൊന്നായാല്‍ മൂന്നാംഘട്ടം. ഈ ഘട്ടത്തില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 70 ശതമാനം കടന്നാല്‍ റഫര്‍ ചെയ്യാന്‍ സ്വകാര്യ ആശുപത്രികളെക്കൂടി സജ്ജമാക്കണം. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മെഡിക്കല്‍ കോളേജുകള്‍ വരെ പ്രത്യേകം കോവിഡ് കിടക്കകള്‍ സജ്ജീകരിക്കും. ഓക്സിജന്‍ വാര്‍റൂമുകള്‍ തുറക്കും.
നിലവില്‍ കേരളം മേല്‍പ്പറഞ്ഞ ഘട്ടത്തിലൊന്നും എത്തിയിട്ടില്ല. അതേസമയം, ഹോം ഐസോലേഷനില്‍ ഉള്ളവര്‍ കുറഞ്ഞത് ഏഴ് ദിവസം ഇരിക്കണം. അവസാനിപ്പിക്കാന്‍ പരിശോധന വേണ്ട. കോണ്‍ടാക്റ്റില്‍ ഉള്ള ലക്ഷണമില്ലാത്തവര്‍ക്ക് ഹോം ഐസലേഷന്‍ വേണ്ട.