തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുകയും ഒമിക്രോണ്‍ തരംഗം വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ അടയ്ക്കണോ എന്ന കാര്യത്തില്‍ നാളെ അന്തിമതീരുമാനം.നാളെ മൂന്ന് മണിക്ക് ചേരുന്ന കൊവിഡ് അവലോകനയോഗത്തില്‍ സാങ്കേതികവിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി മാനിച്ചുകൊണ്ട് അന്തിമതീരുമാനം എടുക്കാമെന്നാണ് നിലവില്‍ ധാരണയായിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെടുകയും, തിരുവനന്തപുരത്തെ ഫാര്‍മസി കോളേജ്, തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവിടങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തരമായി സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അടിയന്തരമായി തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സ്കൂളുകള്‍ പൂര്‍ണമായി അടച്ചിടില്ല എന്ന് തന്നെയാണ് ഇപ്പോള്‍ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
10, 12 ക്ലാസ്സുകള്‍ എന്തായാലും ഓഫ് ലൈനായിത്തന്നെ തുടരും. പതിനൊന്നാം ക്ലാസ്സും ചിലപ്പോള്‍ ഓഫ് ലൈനായിത്തന്നെ തുടര്‍ന്നേക്കും. ഒന്ന് മുതല്‍ ഒമ്ബതാംക്ലാസ്സ് വരെ വീണ്ടും ഓണ്‍ലൈനാക്കിയേക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ രണ്ട് ബാച്ചുകളായി മൂന്ന് ദിവസം വീതമായാണ് സ്കൂളുകളില്‍ ക്ലാസ്സുകള്‍ നടക്കുന്നത്. ഇതില്‍ മാറ്റമുണ്ടായേക്കാം. പരീക്ഷാത്തീയതികളില്‍ മാറ്റമില്ലാതെ തുടരാനും അക്കാദമിക് കലണ്ടര്‍ താളം തെറ്റാതെ തുടരാനും വേണ്ട നടപടികളുണ്ടാകും.