NADAMMELPOYIL NEWS
JANUARY 01/22
കോഴിക്കോട്: രക്തസാക്ഷികളെ മരണം ഇരന്നു വാങ്ങിയവനെന്ന് പറയാന്‍ മാത്രമുള്ള മാനസികാവസ്ഥയിലേക്ക് കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം കാര്യങ്ങളില്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? സമാധാന അന്തരീക്ഷം തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസും ഭാഗമായി എന്നതാണ് ധീരജിന്റെ മരണത്തിലൂടെ കാണേണ്ടത്.
കുറ്റം ചെയ്തവരെ തള്ളിപ്പറയുന്ന സൂചന പോലും ഉണ്ടായില്ല. സംഘര്‍ഷത്തിലൂടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതണ്ട. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും. നാട് അതിന്റെ കൂടെ നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ട് സിപിഎം ജില്ലാസമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടുക്കി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന് യൂത്ത് കോണ്‍ഗ്രസുകാരുടെ കുത്തേറ്റു മരിച്ച സംഭവത്തില്‍ ശക്തമായി അപലപിച്ചാണ് മുഖ്യമന്ത്രി സിപിഎം കോഴിക്കോട് ജില്ലാ പൊതുസമ്മേളന വേദിയില്‍ പ്രസംഗിച്ചത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരാമര്‍ശങ്ങളോട് അതിരൂക്ഷമായ ഭാഷയിലുള്ള പ്രതികരണം കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ഇന്നലെ രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിലെ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പോലീസിലെ സമീപകാലത്തുണ്ടായ തെറ്റായ പ്രവണതയെയും വിമര്‍ശിച്ചു.
തെറ്റായ പ്രവണതയുള്ളവര്‍ ചുരുക്കം ചിലര്‍ മാത്രമാണെന്നും അതിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസിനെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സിപിഎം ജില്ലാ സമ്മേളനങ്ങളിലുടനീളം പോലീസിനെതിരേയുള്ള വിമര്‍ശനം ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.പോലീസില്‍ തെറ്റ് തിരുത്തുന്നതിനാവശ്യമായ നടപടികളാണ് ആഭ്യന്തര വകുപ്പ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുസമ്മേളനത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എംഎല്‍എമാരായ തോട്ടത്തില്‍രവീന്ദ്രന്‍, ടി.പി. രാമകൃഷ്ണന്, കാനത്തില്‍ ജമീല, മേയര്‍ ഡോ. ബീനാഫിലിപ്പ്, ജില്ലാ സെക്രട്ടറി പി. മോഹനന്, എ. വിജയരാഘവന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസംഗിച്ചു.