NADAMMELPOYIL NEWS
JANUARY 09/22

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി മുഖ്യപ്രതി നടൻ ദിലീപിനെ ഇന്നോ നാളെയോ ചോദ്യം ചെയ്‌തേക്കും. ഇതിനുള്ള വിശദമായ ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഒന്നാംപ്രതി പൾസർ സുനി (സുനിൽകുമാർ), മറ്റൊരു പ്രതി വിജീഷ്, സാക്ഷികൾ, ദൃശ്യത്തിന്റെ ശബ്ദം ഉയർത്തിയ സ്റ്റുഡിയോ ജീവനക്കാർ തുടങ്ങിയവരെയും ഉടൻ ചോദ്യം ചെയ്യും.

ഇതിനിടെ സംവിധായകൻ ബാലചന്ദ്രകുമാറിന് ദിലീപ് അയച്ചതെന്ന് കരുതുന്ന വാട്ട്സാപ്പ് സന്ദേശം പുറത്തുവന്നു. 2021 ഏപ്രിൽ 10,11 തീയതികളിലെ സന്ദേശങ്ങളാണിവ. താൻ തിരുവനന്തപുരത്തുണ്ടെന്നും നേരിട്ട് കാണണമെന്നും ദിലീപ് ആവശ്യപ്പെടുന്നതാണ് ശബ്ദസന്ദേശം. നിർണായകമാകാവുന്ന തെളിവുകളാണ് ഇതെന്നാണ് പ്രോസിക്യൂഷന്റെ കണക്കുകൂട്ടൽ. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും അത് കാണാൻ തന്നെ വിളിച്ചെന്നും സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.

ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം കൊച്ചിയിലെ സിറ്റി പൊലീസ് ക്ലബിൽ ചേർന്നാണ് തുടർ നടപടികൾ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഐ.ജി കെ.പി. ഫിലിപ്പ്, എസ്.പിമാരായ കെ.എസ്. സുദർശൻ, എം.ജെ. സോജൻ, അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ബൈജു പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.

ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണസംഘം നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി 12ന് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ രേഖപ്പെടുത്തും. അടുത്തമാസം 16ന് വിചാരണ പൂർത്തിയാക്കി വിധിപറയേണ്ടതിനാൽ ഈ മാസം 20ന് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കണം.

 കൈയക്ഷരം ഒത്തുനോക്കും

പൾസർ സുനി അമ്മ ശോഭനയ്ക്ക് കൈമാറിയ കത്തിലെ ആരോപണങ്ങളിലെ വസ്തുത തേടുകയാണ് പ്രത്യേകസംഘം. സുനിയെ ചോദ്യം ചെയ്ത് ഇതിൽ വ്യക്തത വരുത്തും. കത്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുനിയുടെ കൈയക്ഷരവുമായി ഇത് ഒത്തുനോക്കും. ദിലീപ് പറഞ്ഞിട്ടാണ് കുറ്റകൃത്യം ചെയ്തതെന്ന് മകൻ പറഞ്ഞതായി ശോഭന മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

 ടീമിൽ 13 പേ‌ർ, പ്രത്യേക ചുമതല
അന്വേഷണം വേഗത്തിൽ നടക്കേണ്ടതിനാൽ 13 അംഗ സംഘത്തിലെ ഓരോ ഉദ്യോഗസ്ഥനും പ്രത്യേക ചുമതലകൾ കൈമാറി. തെളിവുകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേകം ഉദ്യോഗസ്ഥരുണ്ട്.

”നടിയെ ആക്രമിച്ച കേസിൽ കോടതി നിർദ്ദേശം അനുസരിച്ച് മുന്നോട്ടുപോകും. വെളിപ്പെടുത്തലുകൾ അടക്കം അന്വേഷണപരിധിയിലുണ്ട്”

–എസ്. ശ്രീജിത്ത്,
ക്രൈംബ്രാഞ്ച് മേധാവി

Leave a Reply

Your email address will not be published. Required fields are marked *