ദില്ലി: രാജ്യത്ത് ഒന്നര ലക്ഷത്തിനടുത്ത് പ്രതിദിന കൊവിഡ് ബാധിതര്‍. പത്ത് ദിവസത്തിനിടെ പത്തിരട്ടിയിലധികം വര്‍ധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലുള്ളത്.ഒരാഴ്ച കൊണ്ട് രണ്ട് കോടിയിലധികം കൗമാരക്കാര്‍ ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ചതായി ആരോഗമന്ത്രാലയം വ്യക്തമാക്കി.
24 മണിക്കൂറിനിടെ 1, 41,986 കേസുകള്‍. കഴിഞ്ഞ ജൂണ്‍ 7ന് പ്രതിദിന കണക്ക് ഒരു ലക്ഷം പിന്നിട്ടെങ്കില്‍ ഏഴ് മാസത്തിനിപ്പുറം വീണ്ടും ഒരു ലക്ഷം കടന്നു. ഒറ്റ ദിവസം കൊണ്ട് 21 ശതമാനം വര്‍ധനയാണ് കേസുകളിവല്‍ ഉണ്ടായിരിക്കുന്നത്. പ്രതിദിന വര്‍ധന ഈ വിധമെങ്കില്‍ ഒരാഴ്ചക്കിടെ രണ്ടാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയായ 4,14,11 പ്രതിദിന കണക്കിനെ മറികടക്കാനാണ് സാധ്യത.
പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിനടുത്ത് എത്തിയതും രോഗവ്യാപന തീവ്രതയെ സൂചിപ്പിക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണം 49,025-ലെത്തിയ മഹാരാഷ്ട്രയാണ് രോഗവ്യാപനത്തില്‍ മുന്നില്‍. മുംബൈയില്‍ മാത്രം ഇരുപതിനായിരത്തിലധികമാണ് പ്രതിദിന രോഗികളുടെ എണ്ണം. പശ്ചിമബംഗാളില്‍ പതിനെട്ടായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോൾ ദില്ലിയില്‍ 17335 പേര്‍ കൂടി രോഗബാധിതരായി. ഡല്‍റ്റയേക്കാള്‍ ഇരട്ടിയിലേറെ വ്യാപന തീവ്രത കൈവരിച്ച ഒമിക്രോണ്‍ വകഭേദം രാജ്യത്ത് ഇതുവരെ 3007 പേര്‍ക്ക് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ഭീഷണിയാകുമ്പോള്‍ കൗമാരക്കാര്‍ക്കടക്കമുള്ള വാക്സിനേഷന്‍റെ വേഗത കൂട്ടാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി
കരുതല്‍ ഡോസ് പത്ത് മുതല്‍ നല്‍കാനിരിക്കേ അര്‍ഹരായവര്‍ക്ക് കൊവിന്‍ ആപ്പ് വഴി സമയവും സ്ഥലവും തെരഞ്ഞെടുക്കാം. വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും വാക്സീന്‍ സ്വീകരിക്കാം. അതേ സമയം രോഗവ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ ദില്ലിയടക്കം പല നഗരങ്ങളിലും വാരാന്ത്യ കര്‍ഫ്യൂ നിലവില്‍ വന്നു കഴിഞ്ഞു. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ആലോചനയിലില്ലെങ്കിലും സാഹചര്യത്തിനനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനിലപാട്.