NADAMMELPOYIL NEWS
JANUARY 06/22
നാദാപുരം: ഒരു കോടി രൂപയുടെ സ്വർണവുമായി പുറമേരി സ്വദേശി മുങ്ങി. യുവാവിനെ തേടി കാസർകോട് സംഘമെത്തി. കാസർകോട് ഉപ്പള സ്വദേശികൾക്കായി ഷാർജയിൽ നിന്ന് കരിപ്പൂർ വിമാനത്തവളം വഴി കടത്തിയ ഒരു കോടി രൂപയുടെ സ്വർണക്കട്ടികളുമായെത്തിയ യുവാവാണ് മുങ്ങിയത്.
ജനുവരി ഒന്നിന് പുലർച്ചെയാണ് സ്വർണവുമായി യുവാവ് കരിപ്പൂർ വിമാനത്തവളത്തിലെത്തിയത്. എന്നാൽ സ്വർണം ഇടപാടുകാർക്ക് നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു. ഇയാളെ കാത്ത് കാസർകോട് സംഘം വിമാനത്തവളത്തിന് പുറത്തുനിന്നിരുന്നു. സ്വർണം ലഭിക്കാതായതോടെ കാസർകോട് നിന്നെത്തിയ സംഘം യുവാവിൻ്റെ പുറമേരിയിലെ വീട്ടിലും ഭാര്യവീട്ടിലും അന്വേഷിച്ചെത്തിയത് വീട്ടുകാരിലും നാട്ടുകാരിലും ഭീതി പരത്തിയിട്ടുണ്ട്. യുവാവ് വീട്ടിൽ എത്തിയില്ലെന്നാണ് വീട്ടുകാർ കാസർകോട് സംഘത്തെ അറിയിച്ചത്. യുവാവിൻ്റെ ഭാര്യവീട്ടിലും ഇതേ സംഘമെത്തി അന്വേഷണം നടത്തി.
ഇതിനിടയിൽ വ്യാഴാഴ്ച രാവിലെ ഷാർജയിൽ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് ഒരു കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ പുറമേരിക്കാരൻ്റെ വീട്ടിലെത്തുകയും സ്വർണവും മറ്റ് സാധനങ്ങളും പുറമേരി സ്വദേശി വഴി കൊടുത്തയച്ചതായി വീട്ടുകാരോട് പറയുകയും ചെയ്തു. ഇത് ലഭിക്കാതായതോടെയാണ് പുറമേരി സ്വദേശിയെ തേടി എത്തിയതെന്നുമാണ് കാഞ്ഞങ്ങാട് സ്വദേശി വീട്ടുകാരോട് പറഞ്ഞത്. ഇതേ തുടർന്ന് വീട്ടുകാർ കാഞ്ഞങ്ങാട് സ്വദേശിയെ കുറിച്ച് നാദാപുരം സ്റ്റേഷനിൽ പരാതി പറഞ്ഞതിനെ തുടർന്ന് നാദാപുരം പോലീസെത്തി കാഞ്ഞങ്ങാട് സ്വദേശിയെ നാദാപുരം സ്റ്റേഷനിൽ എത്തിച്ച് സിഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചു.
ഷാർജയിൽ നിന്ന് കരിപ്പൂർ വിമാനമിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശി നേരെ പുറമേരിയിൽ എത്തുകയായിരുന്നു. ഇതിനിടെ സ്വർണവുമായെത്തിയ പുറമേരിയിലെ യുവാവ് സ്വർണം കണ്ണൂർ ജില്ല കേന്ദ്രീകരിച്ചുള്ള ക്രിമിനൽ ക്വട്ടേഷൻ ടീമിലെ പൊട്ടിക്കൽ സംഘത്തിനു കൈമാറിയതായാണ് പോലീസിന് വിവരം ലഭിച്ചത്. കരിപ്പൂർ വിമാനത്തവള പരിസരത്ത് വെച്ച് തന്നെ പുറമേരി സ്വദേശി സ്വർണം കണ്ണൂർ ടീമിന് കൈമാറുകയായിരുന്നു. കാഞ്ഞങ്ങാട് സ്വദേശിയെ നാദാപുരം സിഐയുടെ നേതൃത്വത്തിൽ പോലീസ് വിശദമായി ചോദ്യം ചെയ്ത് വിട്ടയച്ചു. ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായി സിഐ പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് കല്ലാച്ചി സ്വദേശിയെ എലത്തൂരിൽ തടഞ്ഞ് നിർത്തി പൊട്ടിക്കൽ സംഘം സ്വർണം കവർന്നിരുന്നു.