NADAMMELPOYIL NEWS
JANUARY 05/22
കണ്ണുര്‍: മാവേലി എക്‌സ്പ്രസില്‍ പൊലിസ് മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ കൂത്ത്പറമ്പ് സ്വദേശി ഷമീര്‍ നിരവധി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന പൊലീസിന്റെ വിശദീകരണം വസ്തുതാപരമാണെന്ന് തെളിഞ്ഞു. കൂത്തുപറമ്പ് സ്റ്റേഷനില്‍ മാത്രം ഷമീറിനെതിരെ നാലു കേസുകളുണ്ട്. ഇതു കൂടാതെ പോണ്ടിച്ചേരി, കോഴിക്കോട് എന്നിവടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലും ഇയാള്‍ പ്രതിയാണ്. മദ്യക്കടത്ത്, സ്ത്രീ പീഡനം, മാല മോഷണം, വധശ്രമം എന്നീ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
സംഭവം നടന്ന ദിവസം മാവേലി എക്സ്പ്രസില്‍ കയറിയ ഇയാള്‍ മോഷണം ലക്ഷ്യമിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. മാഹിയില്‍ നിന്നും അമിതമായി മദ്യപിച്ചു കയറിയ ഇയാള്‍ മുണ്ട് ഉടുത്തിരിക്കുന്നത് സ്ഥാനം തെറ്റിയാണെന്ന് കണ്ട് സ്ലീപ്പറിലെ യാത്രക്കാരികളായ സ്ത്രീകള്‍ ടി.ടി.ഇ യോട് പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് എഎസ്‌ഐ പ്രമോദ് ഇടപെട്ടത്. പലതവണ അവിടെ നിന്നും മാറ്റാന്‍ ശ്രമിച്ചിട്ടും ഇയാള്‍ വഴങ്ങാത്തതിനെ തുടര്‍ന്നാണ് പൊലീസ് ബലപ്രയോഗത്തിന് മുതിര്‍ന്നത്.