NADAMMELPOYIL NEWS
JANUARY 03/22
കൊടുവള്ളി: പുതുച്ചേരിയിൽ വ്യാഴാഴ്ച സ്കൂട്ടറിൽ പിക്-അപ് വാനിടിച്ചുണ്ടായ അപകടത്തിൽ മരിച്ച വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആർ.സി. സൈനുദ്ദീന്റെ മകൾ ഫഹ്മിദ ഷെറിന്റെ (22) മയ്യിത്ത് ഖബറടക്കി. കൊടുവള്ളി മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ശനിയാഴ്ച പുലർച്ച ആറരക്കാണ് ഖബറടക്ക ചടങ്ങുകൾ നടന്നത്. പുതുച്ചേരി കേന്ദ്ര സർവകലാശാലയുടെ സ്കൂൾ ഓഫ് മാനേജ്മെന്റിൽ ഒന്നാംവർഷ എം.ബി.എ വിദ്യാർഥിനിയായിരുന്നു ഫഹ്മിദ ഷെറിൻ.
വ്യാഴാഴ്ച രാവിലെ കൂട്ടുകാരിക്കൊപ്പം യാത്ര ചെയ്യവേ പിക്-അപ് വാൻ ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന വിദ്യാർഥിനിക്കും സാരമായി പരിക്കേറ്റു. പിന്നാലെ എത്തിയ സഹപാഠികളാണ് റോഡിൽ വീണ ഇരുവരെയും കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച പുലർച്ച മൂന്നരയോടെയാണ് മയ്യിത്ത് കൊടുവള്ളി വാരിക്കുഴിത്താഴത്തെ വീട്ടിലെത്തിച്ചത്.
മരണ വിവരമറിഞ്ഞ് വിദേശത്തായിരുന്ന പിതാവ് സൈനുദ്ദീനും സഹോദരനും വ്യാഴാഴ്ച രാത്രി നാട്ടിലെത്തിയിരുന്നു. മുക്കം സ്വദേശി മൂസ അലിയാണ് ഭർത്താവ്.