പുതുവത്സരാശംസകള്‍ക്കൊപ്പം ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍ (Mohanlal). തന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായ ‘ബറോസി’ന്‍റെ (Barroz) ഫസ്റ്റ് ലുക്ക് ആണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ 12 മണിക്ക് പുറത്തുവിട്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ഫസ്റ്റ് ലുക്കില്‍ അദ്ദേഹമുള്ളത്. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് ചിത്രത്തില്‍. അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിന്‍റെ ചിത്രം പകര്‍ത്തിയത്.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടന്നിരുന്നെങ്കിലും അന്ന് ചിത്രീകരിച്ച രംഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കൊവിഡിനെത്തുടര്‍ന്നുണ്ടായ ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടതിനെത്തുടര്‍ന്ന് കണ്ടിന്യുവിറ്റി പ്രശ്‍നങ്ങള്‍ ഉള്‍പ്പെടെ ചിത്രം നേരിട്ടിരുന്നു. 

ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഭൂതമാണ്. ഈ കഥാപാത്രമായാണ് മോഹന്‍ലാല്‍ സ്ക്രീനില്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *