NADAMMELPOYIL NEWS
OCTOBER 31/21
താമരശേരി;താമരശേരി ചുരത്തിൽ സ്കൂട്ടർ മറിഞ്ഞ് കൊക്കയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപെട്ടു. മാനന്തവാടി കോടതിയിൽ ജീവനക്കാരിയായ യുവതിയാണ് അപകടത്തിൽപ്പെട്ടത്. വെളളിയാഴ്ച ജോലി കഴിഞ്ഞ് ചെമ്പുകടവിലേക്ക് വരുന്നതിനിടെ ഒന്നാം വളവിന് താഴെ വെച്ചാണ് യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞത്. 30 അടിയിലേറെ താഴ്ചയിലേക്കാണ് യുവതിയും സ്കൂട്ടറും പതിച്ചത്. അപകടത്തിൽ യുവതി പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. സ്കൂട്ടറിനും തകരാറൊന്നും സംഭവിച്ചില്ല.
ഇരുട്ടായതിനാൽ അപകടം ആരും കണ്ടില്ല. രക്ഷപെടാൻ വേണ്ടി യുവതി റോഡിലേക്ക് കല്ല് എറിഞ്ഞെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ വള്ളി പടർപ്പുകളിൽ പിടിച്ചു തൂങ്ങി, സാഹസികമായി മുകളിലെത്തുകയും, യാത്രക്കാരെ കൈകാണിച്ച് നിർത്തി സഹായം തേടുകയുമായിരുന്നു. യാത്രക്കാർ വിവരം അറിയിച്ചത് അനുസരിച്ച് യുവതിയുടെ ബന്ധുക്കൾ സ്ഥലത്തെത്തി കൂട്ടിക്കൊണ്ടുപോയി. അപകടത്തിൽ കൊക്കയിലേക്ക് വീണ സ്കൂട്ടർ ചുരം സംരക്ഷണ സമിതി പ്രവർത്തകർ ക്രെയിൻ ഉപയോഗിച്ച് മുകളിലെത്തിച്ചു.
________