കൊക്കയിലേക്കു മറിഞ്ഞ സ്കൂട്ടർ മുകളിലേക്ക് കയറ്റുന്നു
താമരശ്ശേരി ചുരം ഒന്നാം വളവിനു സമീപം ഇന്നലെ രാത്രി സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു.
താഴ്ചയിലേക്ക് പതിച്ച സ്കൂട്ടർയാത്രക്കാരിയായ യുവതി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. വയനാട്ടിലെ കോടതി ജീവനക്കാരിയായ ചെമ്പുകടവ് സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത്.
കൂട്ടുകാരിയുടെ സ്കൂട്ടറിൽ മാനന്തവാടി ഭാഗത്തുനിന്ന് വരവേ ഒന്നാംവളവിന് സമീപം വാഹനം റോഡരികിലെ പുല്ലിലേക്കിറങ്ങുകയായിരുന്നു. മുന്നോട്ടുനീങ്ങിപ്പോയ വാഹനത്തിനൊപ്പം യുവതിയും താഴോട്ടുപതിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് അപകടം.
പതിനഞ്ച് അടിയോളം താഴ്ചയിൽ പുല്ലുള്ള ഭാഗത്താണ് യുവതി വീണത്. സ്കൂട്ടർ പിന്നെയും നിരങ്ങിനീങ്ങി ഇരുപത്തിയഞ്ചടിയോളം താഴ്ചയിലേക്ക് പതിച്ചു. വള്ളിപ്പടർപ്പിൽ പിടിച്ചു മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രക്ഷാമാർഗം തേടി റോഡ് ലക്ഷ്യമാക്കി കല്ലുകൾ വലിച്ചെറിഞ്ഞെങ്കിലും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് താഴെ റബ്ബർ തോട്ടത്തിന്റെ ഭാഗത്തേക്ക് നീങ്ങി ഇടറോഡ് വഴി ചുരംപാതയിലെത്തുകയായിരുന്നു.
വൈത്തിരി പോലീസിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ചുരം സംരക്ഷണസമിതി ഭാരവാഹി ലത്തീഫിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ക്രെയിൻ എത്തിച്ച് സ്കൂട്ടർ മുകളിലേക്കു കയറ്റിയത്