NADAMMELPOYIL NEWS
OCTOBER 31/21

തിരുവനന്തപുരം:; കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അടഞ്ഞു കിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നവംബര്‍ ഒന്നിന് രാവിലെ 8.30 ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ആദ്യ ആഴ്ചകളില്‍ ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമായിരിക്കും സ്‌കൂളുകളില്‍ നടത്തുക. എട്ട്, ഒമ്പത് ക്ലാസുകള്‍ ഒഴികെയുള്ള മുഴുവന്‍ ക്ലാസുകളും നാളെ ആരംഭിക്കും. നവംബര്‍ 15 മുതലായിരിക്കും എട്ട്, ഒമ്പത്, പ്ലസ് വണ്‍ എന്നിവര്‍ക്ക് ക്ലാസുകള്‍ ആരംഭിക്കുക.
ആദ്യ രണ്ടാഴ്ച ഹാജര്‍ രേഖപ്പെടുത്തുകയില്ല. കൂടാതെ രണ്ടാഴ്ച വരെ ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ബാച്ചുകള്‍ തിരിച്ചായിരിക്കും ക്ലാസുകള്‍ നടത്തുക. കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കാന്‍ സ്‌കൂളുകള്‍ക്ക് ബാച്ചുകള്‍ തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസമായിരിക്കും ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും ക്ലാസുകള്‍ നടത്തുക. ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള കാര്യങ്ങളില്‍ മാറ്റമുണ്ടാകും.

രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയില്‍ തന്നെ ക്ലാസുകള്‍ തുടങ്ങും. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായിരിക്കും നടത്തുക. സ്‌കൂളുകളില്‍ 2400 തെര്‍മല്‍ സ്‌കാനറുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു. ഇനിയും വാക്‌സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്‌കൂളിലേക്ക് വരരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനെടുക്കാത്ത രക്ഷിതാക്കളുടെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
______

Leave a Reply

Your email address will not be published. Required fields are marked *