NADAMMELPOYIL NEWS
OCTOBER 26/21
കൊച്ചി:; തന്റെ സഹോദരിയുടെ വിവാഹത്തിന് മോന്സൻ മാവുങ്കല്‍ 18 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിനല്‍കിയെന്ന അവകാശവാദം തെറ്റാണെന്ന് പ്രവാസി മലയാളി അനിത പുല്ലയില്‍. ആരോപണം തെളിയിക്കേണ്ടത് മോന്‍സന്റെ ഉത്തരവാദിത്വമാണെന്ന് അനിത പുല്ലയില്‍ പറഞ്ഞു.
സ്വര്‍ണം വാങ്ങിനല്‍കിയത് ഏത് കടയില്‍നിന്നാണെന്ന് പറയണം. പണമാണ് നല്കിയതെങ്കിൽ നോട്ടുകളായാണോ ബാങ്ക് വഴിയാണോ എന്ന് വ്യക്തമാക്കണം. ആരോപണത്തില്‍ അന്വേഷണം വരട്ടെയെന്നും അനിത മാധ്യമങ്ങളോടു പ്രതികരിക്കവെ പറഞ്ഞു.
മോന്സൻ അനിതയ്ക്ക് പണം നല്‍കിയതായി പറഞ്ഞിരുന്നുവെന്ന് മോന്‍സന്റെ മാനേജര്‍ ജിഷ്ണുവും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ സാമ്പത്തിക ഇടപാട് പരിശോധിക്കാന്‍ ഇയാളുടെ സഹായികളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തും. ജീവനക്കാരായ ജെയ്സണ്‍, സനീഷ്, മാത്യു, നിബുരാജ്, സുബ്രു, അന്‍സില്‍ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക.
അറസ്റ്റിലായ മോന്‍സന്റെ മേക്കപ്പ്മാന് ജോഷിയെ എറണാകുളം പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതിനിടെ മോന്‍സനെ കോടതി വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
സ്വകാര്യ മ്യൂസിയം നിര്‍മിക്കാമെന്ന് വിശ്വസിപ്പിച്ച ഇടനിലക്കാരന് സന്തോഷ് എളമക്കരയെ കബളിപ്പിച്ച് മൂന്ന് കോടി രൂപയുടെ പുരാവസ്തു കൈക്കാലാക്കിയ കേസിലാണ് മൂന്ന് ദിവസത്തേക്ക് മോന്‍സനെ കസ്റ്റഡിയില്‍ വിട്ടത്. 27ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ മോന്‍സനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം.
________
കൂടുതല്‍ വാർത്തകൾക്ക് www.dailyspot.in എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം
_______