സംസ്ഥാനത്ത് നാളെ മുതല്‍ ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കും. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകള്‍, ഒന്നാം വര്‍ഷ പിജി ക്ലാസുകള്‍ എന്നിവയാണ് ആരംഭിക്കുക. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍. ഒക്ടോബര്‍ 18-ാം തിയതിയായിരുന്നു കോളേജുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ പ്രതികൂല കാലവസ്ഥ കണക്കിലെടുത്ത് 25-ാം തിയതിയിലേക്ക് മാറ്റുകയായിരുന്നു.
കോളേജുകള്‍ തുറക്കുന്നത് മുന്നൊരുക്കങ്ങളോടെയാണെന്നും കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. ആദ്യ ദിവസങ്ങളില്‍ കോളേജില്‍ പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങളെ പറ്റി കുട്ടികള്‍ക്ക് വിശദമായ ക്ലാസുകൾ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്ഥാപനതലത്തിലായിരിക്കും ബോധവത്കരണ ക്ലാസുകള്‍.
കൊവിഡ് സമയത്ത് തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പല കുടുംബത്തിലും ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. ഇത് കുട്ടികളെയാണ് ഏറെ ബാധിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിനാൽ കുട്ടികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാൻ കൗണ്‍സിലിങ്ങ് കേന്ദ്രങ്ങളും എല്ലാ കോളേജുകളിലും ആരംഭിച്ചിട്ടുണ്ട്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ ആരംഭിച്ചപ്പോഴും സമാന നടപടികളാണ് സ്വീകരിച്ചിരുന്നത്.