NADAMMELPOYIL NEWS
OCTOBER 23/21

കോഴിക്കോട്:; വാട്ടര്‍തീം പാര്‍ക്കിനെന്ന പേരില്‍ തോട്ടഭൂമി ഇടിച്ചുനിരത്തിയ കോടഞ്ചേരിയിലെ ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് യാതൊരു അനുമതിയുമില്ലാതെ രണ്ട് പാലങ്ങളും നിര്‍മിച്ചു. കോട‍ഞ്ചേരി-പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് സ്വന്തം നിലയില്‍ ഇവര്‍ കോണ്‍ക്രീറ്റ് പാലങ്ങള്‍ പണിതത്. ഇതോടെ പുഴയുടെ തീരത്തെ കുടുംബങ്ങള്‍ വെളളപ്പൊക്ക ഭീതിയിലായി. ജില്ലയിലെ റവന്യൂ ജിയോളജി അധികൃതരാകട്ടെ ഈ നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുത്തില്ല.

കോടഞ്ചേരി പുതുപ്പാടി പഞ്ചായത്തുകളെ അതിരിട്ടൊഴുകുന്ന തോടിന് കുറുകയാണ് ലാന്‍മാര്‍ക്ക് ഗ്രൂപ്പ് വാട്ടര്‍തീം പാര്‍ക്കിനായി രണ്ടു പാലങ്ങള്‍ കെട്ടിയത്. ലക്ഷങ്ങള്‍ ചെലവിട്ട് പുറമ്പോക്കും തീരവും എല്ലാം കയ്യേറിയാണ് നിര്‍മാണം. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു രണ്ട് പാലങ്ങളും നിര്‍മിച്ചത്. പാലത്തിലേക്കുളള റോഡ് നിര്‍മിക്കാനായി തളളിയതാകട്ടെ നിയമവിരുദ്ധമായി തോട്ടഭൂമി ഇടിച്ചുനിരത്തിയെടുത്ത മണ്ണ്.

നാട്ടുകാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ റോഡിന്‍റെ ഓരം മറച്ചുകെട്ടിയായിരുന്നു നിര്‍മാണം. ഇരു ഭാഗത്തുമുളള ഭൂമി സ്വന്തം പേരിലുണ്ടെന്ന ഒറ്റ കാരണത്താല്‍ ഉടമകള്‍ ഇഷ്ടാനുസരണം പാലം കെട്ടുകയും പുഴയുടെ അതിര്‍ത്തി തിരിക്കുകയും ചെയ്തപ്പോള്‍ നടപടിയെടുക്കേണ്ടവര്‍ കാഴ്ചക്കാരായി. പാലത്തിനു തീരത്ത് കഴിയുന്ന കുടുംബങ്ങളുടെ സ്ഥിതിയാണ് ഏറെ കഷ്ടം. ഇവിടം മണ്ണിട്ടുയര്‍ത്തിയതോടെ കിണറാകെ ചെളിവെളളം നിറഞ്ഞു. കുടിവെളളം മുട്ടിയ കാര്യം അറിയിച്ചപ്പോള്‍ ഭീഷണിയാണ് ഇവരിൽ നിന്നുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.
________

Leave a Reply

Your email address will not be published. Required fields are marked *