ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളള്‍ ലിറ്ററിന് 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി. എറണാകുളത്ത് പെട്രോളിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 107 രൂപ 69 പൈസയും ഡീസലിന് 101 രൂപ 46 പൈസയുമാണ് പുതുക്കിയ നിരക്ക്. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്.
എണ്ണക്കമ്ബനികള്‍ ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയര്‍ന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന വാദമുയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വില വര്‍ധനവിനെ പ്രതിരോധിക്കുന്നത്.