NADAMMELPOYIL NEWS
August 30/2021

മലപ്പുറം; പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസിൽ മകൻ ശ്രീനാഥ്‌ പിടിയിലായത് പോലീസിന്റെ തിരക്കഥയെന്ന് ആരോപണവുമായി മാതാപിതാക്കള്‍. തെന്നല സ്വദേശി ശ്രീനാഥിന്റെ മാതാപിതാക്കളാണ് കല്‍പ്പകഞ്ചേരി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. തെളിവെടുപ്പിനെത്തിയപ്പോള്‍ പെണ്‍കുട്ടി പെരുമാറിയത് പോലീസ് പറഞ്ഞു ചെയ്യിച്ചത് പോലെയാണെന്നും ചെയ്യാത്ത കുറ്റത്തിനാണ് മകന് പോക്സോ കേസിൽ പ്രതിയായി 36 ദിവസം ജയിലില്‍കഴിയേണ്ടി വന്നതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.
”നടമ്മൽപൊയിൽ ന്യൂസ്”
ശ്രീനാഥിന്റെ അറസ്റ്റിന് ശേഷം കല്‍പ്പകഞ്ചേരി പോലീസ് തെളിവെടുപ്പിനായി പെണ്‍കുട്ടിയുമായി വീട്ടിലെത്തിയെന്നും വീടിന് മുന്നില്‍ പകച്ചു നിന്ന പെണ്‍കുട്ടിയെ പോലീസാണ് വീട്ടിനുള്ളിലേക്ക് കയറ്റിയതെന്നും ശ്രീനാഥിന്റെ മാതാവ് വ്യക്തമാക്കി. ആദ്യം അടുക്കളയിലേക്ക് പോയ പെൺകുട്ടി പിന്നീട് അടച്ചിട്ടിരുന്ന പൂജാമുറിയുടെ മുന്നില്‍ നിന്നു. പൂജാമുറിയാണെന്ന് പറഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ പെണ്‍കുട്ടിയെ ശ്രീനാഥും സഹോദരനും ഉപയോഗിക്കുന്ന മുറിയിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്നും ഉടൻതന്നെ അവിടെ വച്ചാണ് പീഡനം നടത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞതായും മാതാവ് വ്യക്തമാക്കി.
പീഡനം നടന്നു എന്ന് പറയുന്ന മുറിയിലേക്ക് കയറാതെ പെണ്‍കുട്ടി അടുക്കളയിലും പൂജാമുറിയുടെ മുന്നിലും ചെന്ന് നിന്നത് കുട്ടിക്ക് വീടറിയാത്തതിനാലാണെന്നും ശ്രീനാഥ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് പീഡനം നടത്തിയെന്ന് പോലീസ് പറയുന്ന ദിവസം താനും മൂത്ത മകനും വീട്ടില്‍ തന്നെയുണ്ടായിരുന്നു എന്നും മാതാവ് പറയുന്നു. ഈ സമയം ശ്രീനാഥ്‌ പെണ്‍കുട്ടിയുമായി എത്തി എന്നു പറയുന്നത് പച്ചക്കള്ളമാണെന്നും അവർ കൂട്ടിച്ചേർത്തു.
16 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് തന്നെ ഉപദ്രവിച്ച മുറി മനസ്സിലാവാതിരിക്കാന്‍ സാധ്യതയില്ലെന്നും അതേസമയം പോലീസ് കാട്ടിക്കൊടുത്ത മുറിയിലേക്ക് പെൺകുട്ടി കയറിപ്പോകുകമാത്രമാണ് ചെയ്തതെന്നും മാതാവ് പറഞ്ഞു. തെളിവെടുപ്പ് സമയത്ത് താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ശ്രീനാഥ്‌ പറഞ്ഞപ്പോള്‍ പോലീസുകാരന്‍ ചെകിടിന് അടിക്കുകയും മകന്റെ കേള്‍വിശക്തിക്ക് തകരാര്‍ സംഭവിച്ചതായും അവർ ആരോപിച്ചു. വിശദമായ പരിശോധനകൾക്ക് നടത്തിയ ശേഷം മകന്റെ ചെവിക്ക് തകരാർ സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധന റിപ്പോര്‍ട്ടുകളടക്കം പോലീസിനെതിരെ പരാതി നല്‍കുമെന്നും മാതാവ് വ്യക്തമാക്കി.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *