NADAMMELPOYIL NEWS
August 29/2021
തിരുവനന്തപുരം; മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സഹപ്രവർത്തകരെയും സ്വാതന്ത്റ്യ സമര സേനാനികളായി അംഗീകരിച്ചതാണെന്നും അല്ലെന്നു പറയുന്നവർ സ്വാതന്ത്റ്യ പ്രസ്ഥാനത്തെക്കുറിച്ച് ധാരണയില്ലാത്തവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രിട്ടീഷ് വിരുദ്ധ നിലപാട് സ്വീകരിച്ച് മതരാഷ്ട്രവാദത്തെ എതിർക്കാനും വിഭിന്നമായ നീക്കങ്ങളെ തടയാനും ശിക്ഷിക്കാനും മുന്നിട്ട് നിന്നതാണ് വാരിയൻകുന്നത്തിന്റെ പാരമ്പര്യമെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
സ്വാതന്ത്റ്യ പ്രസ്ഥാനത്തിൽ സഹനസമരമുണ്ട്, സത്യഗ്രഹമുണ്ട്, ബഹുജന മുന്നേറ്റമുണ്ട്, കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് നടത്തിയ സമരമുണ്ട്, ആയുധമേന്തിയ പോരാട്ടങ്ങളുമുണ്ട്. വ്യത്യസ്ത രാഷട്രീയ പാർട്ടികൾ സമരങ്ങൾ നടത്തുമ്പോൾ അവയ്ക്കെല്ലാം ബ്രിട്ടീഷുകാരെ പുറത്താക്കുകയെന്ന ഒറ്റ ലക്ഷ്യമാണുണ്ടായിരുന്നത്. പിന്നീട് ഭരണസംവിധാനത്തെ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ പലർക്കും ഉണ്ടായിരുന്നു. ഭിന്നാഭിപ്രായങ്ങൾ പുലർത്തിയതുകൊണ്ട് അവർ സ്വാതന്ത്റ്യ സമരത്തിന്റെ ഭാഗമല്ലെന്ന് നിശ്ചയിക്കാൻ ആർക്കും അവകാശമില്ല. ഈ പൊതുകാഴ്ചപ്പാടാണ് ഇക്കാര്യത്തിൽ നാം സ്വീകരിക്കേണ്ടത്.
ചില മേഖലകളിൽ മലബാർ കലാപത്തെ തെറ്റായ നിലയിലേക്ക് ചിലർ കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ഭാഗമായി, അവരെ സഹായിച്ച എല്ലാ മതസ്ഥരെയും വാരിയൻകുന്നത്ത് എതിർത്തിട്ടുണ്ട്. ഖാൻ ബഹദൂർ ചേക്കുട്ടി, തയ്യിൽ മൊയ്തീൻ തുടങ്ങിയവരെ ഉൾപ്പെടെ കൊലപ്പെടുത്തുകയാണ് അവർ ചെയ്തത്. അതേസമയം, നിരപരാധികളെ കൊലപ്പെടുത്തിയവർക്കെതിരെ ശക്തമായ നിലപാടാണ് വാരിയൻകുന്നത്ത് സ്വീകരിച്ചിരുന്നതെന്ന് സർദാർ ചന്ദ്രോത്ത്, മാധവമേനോൻ, ഇ. മൊയ്തു മൗലവി തുടങ്ങിയവരുടെ ചരിത്രരേഖകൾ വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വാരിയൻകുന്നത്ത് എഴുതിയ കത്ത് ‘ദ ഹിന്ദു” പത്രം പുനഃപ്രസിദ്ധീകരിച്ചതിലും അദ്ദേഹം ഈ ആരോപണത്തെ ശക്തമായി നിഷേധിക്കുന്നുണ്ട്. മലബാർ കലാപമെന്ന് ആ സമരത്തെ വിളിച്ചത് മുഹമ്മദ് അബ്ദുൾ റഹിമാനായിരുന്നു. കാർഷിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് മലബാറിലേത് കാർഷിക കലാപമെന്ന് കമ്മ്യൂണിസ്റ്റുകാർ വിലയിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
______
മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______