ദുബായ്: ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികള്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നല്‍കി ദുബായ് ഭരണാധികാരി. കഴിഞ്ഞ ദിവസം ദുബായ് ദേരയില്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍നിന്ന് താഴേക്കു വീണ ഗര്‍ഭിണിയായ പൂച്ചയെ തുണി വിരിച്ച് രക്ഷിച്ചതിനെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചിരുന്നു.
ഞങ്ങളുടെ മനോഹര നഗരത്തിലെ അനുകമ്പയുള്ള പ്രവൃത്തി, ഇവരെ തിരിച്ചറിയുന്നവര്‍ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ഞങ്ങളെ സഹായിക്കുക’ എന്ന് ഷെയ്ഖ് മുഹമ്മദ് പൂച്ചയെ രക്ഷപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചിരുന്നു.
നാദാപുരം പുറമേരി സ്വദേശി മുഹമ്മദ് റാഷിദാണ് ദൃശ്യം പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നാസര്‍ ശിഹാബാണ് തുണി വിരിച്ച് പൂച്ചയെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്. ഈ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഒരു പാകിസ്താനിയ്ക്കും ഒരു മൊറോക്കന്‍ സ്വദേശിക്കുമാണ് 50,000 ദിര്‍ഹം വീതം ഷെയ്ഖ് മുഹമ്മദ് നല്‍കിയത്.
പാടിപുകഴ്ത്താത്ത അനേകം വീരന്‍മാര്‍ നമുക്കിടയിലുണ്ടെന്ന് പറഞ്ഞായിരുന്നു ദുബായ് ഭരണാധികാരി മലയാളികള്‍ ഉള്‍പ്പെടെയുള്ള നാലു പേരുടെ നന്‍മ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്.