തൃശൂർ: കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് ഓൺലൈൻ മീഡിയ അസോസിയേഷന്റെ (KROMA) സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടേയും ജില്ലാ കോർഡിനേറ്റർമാരുടേയും യോഗം തൃശൂർ പേൾ റിജൻസി ഹോട്ടലിൽ വച്ച് നടന്നു. തൃശൂർ എംഎല്‍എ പി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മാധ്യമ രംഗത്ത് ഓൺലൈൻ മാധ്യമങ്ങൾ ആധിപത്യം സ്ഥാപിക്കുന്ന കാലം വിദൂരമല്ലെന്നും KROMA യ്ക്ക് അതിനു കഴിയുമെന്നും, സത്യസന്ധതയും കൃത്യതയും ഉറപ്പാക്കി കൊണ്ട് ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ നിലവാരം പുലർത്തുന്ന കേരളം പോലൊരു സംസ്ഥാനത്തിൽ നിലവിൽ മുപ്പത്തിയഞ്ചു ശതമാനത്തിലധികം ആളുകൾ ഓൺലൈൻ മീഡിയകളെ ആശ്രയിക്കുന്നുണ്ടെന്നും, വാർത്തകൾ ഞൊടിയിടയിൽ ആളുകളിൽ എത്തിക്കാൻ ഓൺലൈൻ മാധ്യമങ്ങൾക്ക് കഴിയുമെന്നും അത് തന്നെയാണ് KROMA യുടെ ശക്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘടനയുടെ അംഗങ്ങളുടെ കുടുംബത്തിൽ നിന്നും ഇക്കഴിഞ്ഞ വർഷം എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികൾക്ക് എംഎല്‍എ ഉപഹാരം നൽകി.

സംസ്ഥാന പ്രസിഡന്റ് ഷബീൽ കണിച്ചാടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ടുമാരായ കൃഷ്ണ കുമാർ, നവാസ് മാനു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫൈബീർ അലി എന്നിവർ ആശംസകൾ അറിയിച്ചു.

വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്ത് കൊണ്ട് തിരുവനന്തപുരം ജില്ലാ കോ- ഓർഡിനേറ്റർ അനൂപ് കുമാറും, എറണാകുളം ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ് ചന്ദ്രനും സംസാരിച്ചു. ചടങ്ങിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കോഡിനേറ്റർമാർ പങ്കെടുത്തു.

സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹിമാൻ വി.എ. സ്വാഗതവും ട്രഷറർ അസ് ലം കൊടുവള്ളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *