NADAMMELPOYIL NEWS
August 21/2021
കോട്ടയം;ഒന്നര ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നഗരമധ്യത്തിൽ നിന്നും യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി രണ്ടു മണിക്കൂറോളം മർദിച്ചു. സംഭവത്തിൽ ഗുണ്ടാ ക്വട്ടേഷൻ സംഘാംഗമായ യുവാവ് പിടിയിൽ. കേസിലെ ഒന്നാം പ്രതിയുടെ ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു.
പനച്ചിക്കാട് കൊല്ലാട് ബോട്ട്ജട്ടികവല ഭാഗത്ത് ഏലമല വീട്ടിൽ രതീഷ് (ഇരുട്ട് രതീഷ് – 40) നെയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെജോ പി.ജോസഫ് പിടികൂടിയത്. കേസിലെ പ്രധാന പ്രതിയും കാപ്പ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞ ആളുമായ ഷംനാസ് ഒളിവിലാണ്. തന്നെ ഒറ്റിയതായി ആരോപിച്ച് ദിലീപ് എന്ന യുവാവിനെയാണ് ഷംനാസും സംഘവും തട്ടിക്കൊണ്ടു പോയത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷംനാസിനെ മറ്റൊരു കേസിൽ, നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് പൊലീസ് ഇയാൾക്കെതിരെ കാപ്പയും ചുമത്തിയിരുന്നു. ഇതോടെ ഇയാൾ ആറുമാസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. ഇതിന് ശേഷം എല്ലാ ശനിയാഴ്ചയും കോട്ടയം ഡിവൈ.എസ്.പി ഓഫിസിൽ എത്തി ഒപ്പിടണം എന്ന വ്യവസ്ഥയിലാണ് ജാമ്യത്തിലിറങ്ങിയത്.
തുടർന്ന് പുറത്തിറങ്ങിയ ഇയാൾ , അന്ന് കേസിൽ തന്നെ ഒറ്റിയ ആളാണ് എന്ന് സംശയിച്ച് ദിലീപിനെ ആക്രമിക്കുകയായിരുന്നു. ഷംനാസും , ഇരുട്ട് രതീഷും ചേർന്ന് ഓട്ടോറിക്ഷയിൽ എത്തിയാണ് ദിലീപിനെ തട്ടിക്കൊണ്ടു പോയത്. തുടർന്ന്, രണ്ടു മണിക്കൂറോളം ഇയാളെ രഹസ്യ കേന്ദ്രത്തിൽ വച്ച് ഇരുവരും മർദിച്ചു. ആറു മാസം ജയിലിൽ കിടന്നതിന് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദിലീപിനെ സംഘം മർദിച്ചത്. അക്രമി സംഘത്തിൽ നിന്നും രക്ഷപെട്ട ദിലീപ്, പൊലീസിൽ പരാതി നൽകുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദേശാനുസരണം ഡിവൈ.എസ്.പി ജെ.സന്തോഷ്കുമാറിൻ്റെ മേൽനോട്ടത്തിൽ ഈസ്റ്റ് എസ്.ഐ അനീഷ് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഷംനാസിൻ്റെ ജാമ്യവ്യവസ്ഥ ഇളവ് ചെയ്യാനും, കാപ്പചുമത്താനും നടപടി ആരംഭിച്ചതായും ഈസ്റ്റ് എസ്.എച്ച്.ഒ റെജോ പി.ജോസഫ് അറിയിച്ചു.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______