NADAMMELPOYIL NEWS
August 10/2021
പന്തീരാങ്കാവ്;കോയമ്പത്തൂർ ഗാന്ധിപുരത്തെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയ പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദു (45) വിന്റെ മൃതദേഹം കോയമ്പത്തൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ജൂലായ് 19-ന് പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ ബിന്ദുവിനെ മരിച്ചനിലയിലും കൂടെ ഉണ്ടായിരുന്ന ബാലുശ്ശേരി സ്വദേശി മുസ്തഫയെ കൈ ഞരമ്പ് മുറിച്ചനിലയിലും ഞായറാഴ്ചയാണ് ഗാന്ധിപുരത്തെ ലോഡ്ജിൽ കണ്ടെത്തിയത്.
ആശുപത്രിയിൽ ചികിത്സയിലുള്ള മുസ്തഫ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മുസ്തഫ പോലീസിന് മൊഴി നൽകി. ഗാന്ധിപുരത്തെ ലോഡ്ജിൽ താമസിക്കുന്നതിനിടെ ഓഗസ്റ്റ് ആറിന് രാവിലെ ഉണർന്നപ്പോൾ റൂമിലെ ജനലഴിയിൽ ബിന്ദുവിനെ തൂങ്ങിയനിലയിൽ കണ്ടതായി മുസ്തഫയുടെ മൊഴിയിൽ പറയുന്നു. തുടർന്ന് കെട്ടഴിച്ച് ബെഡിൽ കിടത്തിയെങ്കിലും ബിന്ദു മരിച്ചിരുന്നു. തുടർന്ന് കൈഞരമ്പ് മുറിച്ച മുസ്തഫ രണ്ടുദിവസം മൃതദേഹത്തോടൊപ്പം മുറിയിൽ അവശനിലയിൽ കിടന്നു. എട്ടാംതീയതി ലോഡ്ജുകാർ വാടകയ്ക്കായി ഫോണിൽ വിളിച്ചപ്പോൾ റൂം ബോയിയോട് റൂമിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു. റൂംബോയി എത്തുമ്പോഴേക്കും വീണ്ടും ഞരമ്പ് മുറിച്ച മുസ്തഫ രക്തമൊഴുകി അബോധാവസ്ഥയിലായി. തുടർന്ന് പോലീസാണ് ആശുപത്രിയിലെത്തിച്ചത്. നാട്ടിലേക്ക് തിരിച്ചു പോകാനാവില്ലെന്നുപറഞ്ഞ ബിന്ദു ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നതായി മുസ്തഫ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ ബിന്ദുവിനെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇരുവരുടേയും ഫോണുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെയാണ് ഗാന്ധിപുരത്ത് ലോഡ്ജിൽ കണ്ടെത്തിയതായി പന്തീരാങ്കാവ് പോലീസിന് വിവരം ലഭിക്കുന്നത്.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______