?ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ജനാധിപത്യത്തെ പരിഹസിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ജനാധിപത്യത്തിന്റെ പാര്‍ലമെന്റിനെ ബിജെപി റബര്‍ സ്റ്റാമ്പാക്കി മാറ്റിയെന്നും ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ബിജെപിക്ക് പാര്‍ലമെന്റെന്നും പറഞ്ഞ ശശി തരൂര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അവര്‍ പരിഹസിക്കുകയാണെന്നും ആരോപിച്ചു.
?ട്വിറ്ററിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് കോണ്‍ഗ്രസ്സിന്റെ പ്രതികരണം. ട്വിറ്റര്‍ ഭയപ്പെടേണ്ടതില്ലെന്ന് പരിഹസിച്ച കോണ്‍ഗ്രസ്, ഇരട്ടത്താപ്പ് നയമാണ് ട്വിറ്റര്‍ സ്വീകരിക്കുന്നതെന്നും ആരോപിച്ചു. രാഹുല്‍ പങ്കുവെച്ച സമാന ചിത്രം പങ്കുവെച്ച ബി.ജെ.പി. നേതാവ് അഞ്ചു ബാലയ്‌ക്കെതിരെ നടപടി എടുക്കാത്തത് ട്വിറ്ററിന്റെ ഇരട്ടത്താപ്പാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തിട്ടില്ലെന്നും തുടരുന്നുണ്ടെന്നും ട്വിറ്റര്‍ ഇന്ത്യ അറിയിച്ചു. .
?ഡല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതുവയസ്സുകാരിയുടെ കേസിലും നിര്‍ഭയ കേസിലും ബിജെപി ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഡല്‍ഹിയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത് ബിജെപി രാഷ്ട്രീയവത്കരിക്കുകയാണ്. ഉത്തരവാദിത്തത്തില്‍ നിന്ന് ബിജെപി ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
?കേന്ദ്ര സര്‍ക്കാരിനെതിരേ വീണ്ടും വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയന്‍. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം അവസാനിക്കാനിരിക്കെ പല വിഷയങ്ങളിലും കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെറിക് ഒബ്രിയന്‍ രംഗത്തെത്തിയത്. ഓഗസ്റ്റ് 13-നാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുക.
?കോവിഡ് മൂലം ദീര്‍ഘകാലമായി സ്‌കൂളുകള്‍ അടച്ചിടുന്നത് അവഗണിക്കാനാവാത്ത അപകടമാണ് വരുത്തിവെക്കുന്നതെന്ന് പാര്‍ലമെന്ററി സമിതി. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് കുടുംബഘടനയെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല ചെയ്തത്. പകരം വീട്ടുജോലികളില്‍ കുട്ടികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.
?തനിക്കെതിരായ പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ മറുപടി നല്‍കി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍. ഒരു വാരികയില്‍ പ്രസിദ്ധീകരിച്ച നേട്ടവും കോട്ടവും എന്ന കവിതയിലാണ് സുധാകരന്റെ മറുപടി. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതര്‍ക്കായി വഴിമാറുന്നെന്നും സുധാകരന്‍ കവിതയിലൂടെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തന വീഴ്ചയില്‍ സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ കവിത.
?മുസ്ലിം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ രംഗത്തെത്തിയെന്ന പ്രചാരണങ്ങളില്‍ വിശദീകരണവുമായി കെ.എം.ഷാജി. ലീഗില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ അലോസരപ്പെടുന്നവര്‍ ആ ജോലി തുടരുക. എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അത്തരക്കാരാണെന്നും ഷാജി പറഞ്ഞു. പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും കാണിച്ച ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ ഫലമാണ് കഴിഞ്ഞ ദിവസം മുസ്ലിം ലീഗെടുത്ത തീരുമാനങ്ങളെന്നും അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ പറയേണ്ടത് പറയേണ്ടത് പോലെ പറയാന്‍ വേണ്ടുവോളം ഇടമുള്ള പാര്‍ട്ടിയാണ് ലീഗെന്നും അതു പറയാന്‍ ഇന്നുവരെ മടി കാണിച്ചിട്ടുമില്ലെന്നും അതിന് ആരുടെയും ഉപദേശവും ആവശ്യമില്ലെന്നും ഷാജി വ്യക്തമാക്കി.
?മുഈനലി വിഷയത്തിന് ശേഷം ആദ്യമായി കുഞ്ഞാലിക്കുട്ടിയുടെ പരസ്യപ്രതികരണം. വെല്ലുവിളികളെ അതിജീവിച്ച പ്രസ്ഥാനമാണ് മുസ്ലീം ലീഗെന്നും കഴിഞ്ഞ ദിവസങ്ങളിലെ വിവാദം സിപിഎം സൃഷ്ടിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സര്‍ക്കാരിന്റെ മുസ്ലീം വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്നുംമുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
?മുസ്ലിംലീഗ് അനുകൂല ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മുന്‍ ഇടത് എംഎല്‍എ കാരാട്ട് റസാഖ്. ലീഗ് തളരാതെ നിലനില്‍ക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘മുസ്ലീം ലീഗ് പ്രസ്ഥാനത്തിലെ നേതാക്കള്‍ സ്വന്തം പാര്‍ട്ടിക്കാരെയും മറ്റുള്ളവരെയും ശത്രുപക്ഷത്ത് നിര്‍ത്തി തകര്‍ക്കാനും തളര്‍ത്താനും ശ്രമിച്ചാലും ഒരു കാര്യം ഉറപ്പാണ്, മുസ്ലീം ലീഗ് പ്രസ്ഥാനം തളരാതെ തകരാതെ നിലനില്‍ക്കേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് കാരാട്ട് റസാഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
?ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്തെ നിലയില്‍ എത്തിനില്‍ക്കുന്നത് കൈയും കെട്ടി നോക്കി നില്‍ക്കാനാകില്ലായെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസും സംസ്ഥാന സെക്രട്ടറി ഡോ. പി.ഗോപികുമാറും സംയുക്ത പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ആശുപത്രി സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കുക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, അത്യാഹിത വിഭാഗങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റും ക്യാമറകളും സ്ഥാപിക്കുക, ആശുപത്രികളിലെ സെക്യൂരിറ്റി സംവിധാനം കിടയറ്റതാക്കുക എന്നിവ ഉടനടി നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
?വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്നു പ്രഖ്യാപിച്ച മെഡിക്കല്‍ പി.ജി. ഡോക്ടര്‍മാരുമായി മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ചനടത്തും. അതിനാല്‍, നേരത്തേ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം മാറ്റാന്‍ കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ബോഡിയോഗം തീരുമാനിച്ചു.
?ഒളിമ്പിക് മെഡല്‍ ജേതാവ് ഹോക്കി താരം ശ്രീജേഷിനെ പിണറായി സര്‍ക്കാര്‍ അപമാനിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. മറ്റ് സംസ്ഥാനങ്ങള്‍ അവാര്‍ഡ് പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി അവാര്‍ഡ് പ്രഖ്യാപിക്കാത്തത് പിണറായി സര്‍ക്കാരിന്റെ മതരാഷ്ട്രീയം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. പിണറായിയുടെ മത രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകള്‍ക്ക് ശ്രീജേഷിന്റെ നേട്ടങ്ങള്‍ കാണാന്‍ കഴിയുന്നില്ലന്നത് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
?ആദ്യഘട്ട പരീക്ഷണയാത്ര പൂര്‍ത്തിയാക്കി ഐഎന്‍എസ് വിക്രാന്ത് കൊച്ചിയില്‍ തിരിച്ചെത്തി. അറബിക്കടലില്‍ അഞ്ച് ദിവസത്തെ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് നാവികസേനയുടെ ഐഎന്‍എസ് വിക്രാന്ത് മടങ്ങിയെത്തിയത്. കപ്പലിന്റെ കാര്യശേഷിയാണ് ഈ അഞ്ച് ദിവസം വിലയിരുത്തിയത്.
?ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ അഞ്ചു പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഭീഷണി സന്ദേശങ്ങള്‍ സംബന്ധിച്ച ജഡ്ജിമാരുടെ പരാതികളില്‍ അന്വേഷണ ഏജന്‍സികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് സിബിഐയുടെ നടപടി.
?മുംബൈ സബര്‍ബന്‍ ട്രെയിന്‍ ശൃംഖല ഓഗസ്റ്റ് 15 മുതല്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. രണ്ട് ഡോസ് വാക്‌സിന്‍
സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്ക് യാത്ര ചെയ്യാനാണ് അനുമതിയുള്ളത്.
?ഉത്തര്‍പ്രദേശില്‍ ആകെയുള്ള 75 ജില്ലകളില്‍ 50 ജില്ലകളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ പത്തു ജില്ലകളില്‍ നിലവിലെ സജീവ കേസുകള്‍ പൂജ്യമാണെന്നും യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഘാള്‍ പറഞ്ഞു.
?ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് തല്‍ക്കാലത്തേക്ക് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് വ്യക്തമാക്കി വിമാനകമ്പനികള്‍.
എന്നാല്‍ ഈ തീരുമാനത്തില്‍ ഏതുനിമിഷവും മാറ്റം വന്നേക്കാമെന്നും യുഎഇയിലെ വിമാനകമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും അറിയിച്ചു.
യുഎഇയില്‍ നിന്ന് കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച താമസ വിസയുള്ളവര്‍ക്ക് മാത്രമേ നിലവില്‍ രാജ്യത്തേക്ക് പ്രവേശനാനുമതി ഉള്ളൂവെന്ന് വിമാനകമ്പനികള്‍ അറിയിച്ചു.
?വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ കുണ്ടൂസ് പിടിച്ചെടുത്ത് താലിബാന്‍. സൈന്യവുമായുള്ള കനത്ത ഏറ്റുമുട്ടലിന് ശേഷമാണ് നഗരം താലിബാന്‍ കീഴടക്കിയത്. നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീവ്രവാദികളുടെ പിടിയിലായെന്നാണ് പ്രദേശിക ഉദ്യോഗസ്ഥര്‍ പറയുന്നത്. നഗരമധ്യത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
?അന്‍പതുപേരില്‍ കൂടുതല്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ആരോഗ്യ പാസ് നിര്‍ബന്ധമാക്കാനുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ഫ്രാന്‍സില്‍ ആയിരക്കണക്കിനുപേര്‍ ശനിയാഴ്ച തെരുവിലിറങ്ങി. ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വസ്ഥ ജീവിതത്തിലേക്കും സര്‍ക്കാര്‍ കടന്നുകയറുകയാണെന്നാരോപിച്ച് ജനങ്ങള്‍ കഴിഞ്ഞ നാല് വാരാന്ത്യങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
?ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റ് സമനിലയില്‍. മഴ മൂലം അഞ്ചാം ദിവസത്തെ മത്സരം ഉപേക്ഷിച്ചു. 209 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന്
ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റിന് 52 റണ്‍സ് എന്ന നിലയില്‍ എത്തിയപ്പോഴാണ് മഴ വില്ലനായത്. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 12 മുതല്‍ ലോര്‍ഡ്‌സില്‍ നടക്കും. ആകെ അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
?നീരജ് ചോപ്രയുടെ ഒളിമ്പിക് സ്വര്‍ണനേട്ടം ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തേക്കാള്‍ വലുതെന്ന് വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ്. 2011-ല്‍ ലോകകപ്പ് വിജയം ആഘോഷിച്ചതിന്റെ 50 മടങ്ങ് കൂടുതല്‍ നീരജിന്റെ നേട്ടം ആഘോഷിക്കണമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ‘ഇത് സത്യമാണ് ഹര്‍ഭജന്‍ സിങ്ങ്. എന്നാല്‍ നിങ്ങള്‍ ഇത് പറയാന്‍ പാടില്ലായിരുന്നു. നിങ്ങള്‍ ഇത് ഒരിക്കലും പറയരുത്’ എന്ന് ട്വീറ്റ് ചെയ്താണ് ഗൗതം ഗംഭീര്‍ ഹര്‍ഭജനെ പിന്തുണയുമായെത്തിയത്. ലോകകപ്പിനേക്കാളുമെല്ലാം വലുതാണ് ഹോക്കിയില്‍ ഇന്ത്യയുടെ നേട്ടം എന്ന് ഗംഭീര്‍ നേരത്തെ ട്വീറ്റ് ചെയ്തതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗംഭീര്‍ ഹര്‍ഭജന് പിന്തുണയുമായെത്തിയത്.
?ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ചരിത്രം രചിച്ച നീരജ് ചോപ്രയുടെ നേട്ടം സ്പ്രിന്റ് ഇതിഹാസം മില്‍ഖാ സിങ്ങ് സ്വര്‍ഗത്തിലിരുന്ന് കാണുന്നുണ്ടാകുമെന്ന് മകന്‍ ജീവ് മില്‍ഖാ സിങ്ങ്. ചരിത്രനേട്ടം മില്‍ഖാ സിങ്ങിനാണ് നീരജ് സമര്‍പ്പിച്ചത്. അതുകേട്ടപ്പോള്‍ അച്ഛന്‍ കരഞ്ഞിട്ടുണ്ടാകുമെന്നും ജീവ് വ്യക്തമാക്കി.
?കോവിഡെന്ന മഹാമാരിക്കിടയിലും ലോക കായിക മാമാങ്കത്തെ നെഞ്ചേറ്റിയ ടോക്യോയ്ക്ക് കായിക ലോകത്തിന്റെ നന്ദി. കടുത്ത നിയന്ത്രണങ്ങള്‍ക്കൊടുവില്‍ 17 ദിന രാത്രങ്ങള്‍ സമ്മാനിച്ച കായിമ മാമാങ്കത്തിന് ടോക്യോയില്‍ തിരശ്ശീല വീണു. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം ഇനി പാരീസെന്ന സ്വപ്ന നഗരത്തില്‍ കാണാമെന്ന ഉറപ്പോടെ ലോക കായിക മാമാങ്കം ടോക്യോയോട് വിടചൊല്ലി.
?ടോക്യോ ഒളിംപിക്സ് സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഗുസ്തിയില്‍ വെങ്കലവുമായി തിളങ്ങിയ ബജ്‌റംഗ് പുനിയ ഇന്ത്യന്‍ പതാകയേന്തി. ഒളിമ്പിക്‌സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി 48-ാം സ്ഥാനത്തെത്തി.
?39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുകളുമായി അമേരിക്ക ടോക്യോ ഒളിംപിക്സില്‍ ഒന്നാമതെത്തി. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവുമടക്കം 88 മെഡലുകള്‍ നേടിയ ചൈനയാണ് രണ്ടാമത്. ആതിഥേയരായ ജപ്പാന്‍ 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി. 22 സ്വര്‍ണവുമായി ബ്രിട്ടനാണ് നാലാമത്.
?വിട വാങ്ങല്‍ പത്രസമ്മേളത്തില്‍ പൊട്ടികരഞ്ഞ് ബാഴ്‌സലോണയുടെ ഇതിഹാസ താരം ലയണല്‍ മെസി. കണ്ണുകള്‍ നിറഞ്ഞാണ് മെസി വേദിയിലെത്തിയത്. വാര്‍ത്താസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം നിയന്ത്രണം വിട്ട് പൊട്ടികരയുകയായിരുന്നു.”എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിത്. 21 വര്‍ഷം ഞാനിവിടെ ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ ഈ ഗ്രൗണ്ടില്‍ ഞാന്‍ പരിശീലനത്തിലുണ്ടാവില്ല. ഈ സ്റ്റേഡിയത്തില്‍ ഞാന്‍ ബാഴ്‌സയ്ക്കായി കളിക്കുന്നുണ്ടാവില്ല. ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ ഈ ക്ലബുമായുള്ള എന്റെ ബന്ധം അവസാനിക്കുകയാണ്.പിന്നീടൊരിക്കല്‍ ക്ലബിന്റെ ഭാഗമാവാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു താരമായിട്ടല്ലെങ്കില്‍ കൂടി പിന്നീടെപ്പോഴെങ്കിലും ക്ലബിന്റെ ഭാഗമാവാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. മെസി പറഞ്ഞു.
?കേരളത്തില്‍ ഇന്നലെ 1,34,196 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,747 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,610 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,108 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,76,572 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433.
?രാജ്യത്ത് ഇന്നലെ 36,028 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 39,828 പേര്‍ രോഗമുക്തി നേടി. മരണം 447. ഇതോടെ ആകെ മരണം 4,28,339ആയി. ഇതുവരെ 3,19,69,588 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.96 ലക്ഷം കോവിഡ് രോഗികള്‍.
?മഹാരാഷ്ട്രയില്‍ ഇന്നലെ 5,508 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,956 പേര്‍ക്കും കര്‍ണാടകയില്‍ 1,598 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,050 പേര്‍ക്കും ഒറീസയില്‍ 1,243 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
?ആഗോളതലത്തില്‍ ഇന്നലെ 4,65,246 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 21,897 പേര്‍ക്കും ബ്രസീലില്‍ 13,893 പേര്‍ക്കും റഷ്യയില്‍ 22,866 പേര്‍ക്കും ഫ്രാന്‍സില്‍ 20,450 പേര്‍ക്കും ഇംഗ്ലണ്ടില്‍ 27,429 പേര്‍ക്കും തുര്‍ക്കിയില്‍ 22,699 പേര്‍ക്കും ഇറാനില്‍ 39,619 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 26,415 പേര്‍ക്കും മെക്സിക്കോയില്‍ 20,018 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.33 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.63 കോടി കോവിഡ് രോഗികള്‍.
?ആഗോളതലത്തില്‍ 7,543 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 128 പേരും ബ്രസീലില്‍ 69 പേരും റഷ്യയില്‍ 787 പേരും ഇറാനില്‍ 542 പേരും ഇന്‍ഡോനേഷ്യയില്‍ 1,498 പേരും മെക്സിക്കോയില്‍ 515 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43.06 ലക്ഷം.
?കേരളത്തിലെ വാഹന ഡീലര്‍ഷിപ്പ് രംഗത്തെ പ്രമുഖരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) തയ്യാറെടുക്കുന്നു. കമ്പനിയുടെ പേരിലുളള വായ്പാ തിരിച്ചടവിനും പൊതു കാര്യങ്ങള്‍ക്കുമായി ഐപിഒയിലൂടെയുളള ധനസമാഹരണത്തില്‍ നിന്ന് ലഭിക്കുന്ന തുക വിനിയോഗിക്കും. പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 150 കോടി രൂപ സമാഹരിക്കും. കമ്പനിയിലെ ഓഹരി ഉടമകളായ ബാനിയന്‍ട്രീ ഗ്രോത്ത് ക്യാപ്പിറ്റലിന്റെ പക്കലുളള 42.66 ലക്ഷം ഓഹരികള്‍ കൂടി വില്‍ക്കും. ഐപിഒയ്ക്കായുളള കരടുരേഖ വിപണി നിയന്ത്രിതാവായ സെബിയ്ക്ക് സമര്‍പ്പിച്ചു.
?പ്രശ്സത ചൈനീസ് ചെറു വിഡിയോ ആപ്പ് നിര്‍മതാക്കളായ ടിക്ടോകിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സിന് ചൈനയിലും കാലിടറുന്നു. സ്വകാര്യട്യൂഷന്‍ മേഖലയിലെ നിയന്ത്രങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ കര്‍ശനമാക്കിയതാണ് കമ്പനിക്ക് തിരിച്ചടിയായത്. ഇതേത്തുടര്‍ന്ന് ചൈനയിലെ വിദ്യാഭ്യാസ ബിസിനസ് അവസാനിപ്പിക്കുകയാണെന്നു കമ്പനി വ്യക്തമാക്കി. ടീച്ചര്‍, സെയില്‍സ്, പരസ്യ വിഭഗങ്ങളിലെ ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകാന്‍ കമ്പനി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള പ്രീ സ്‌കൂളുകളും കെ12 ട്യൂഷന്‍ സെന്ററുകള്‍ക്കും ഇതോ പൂട്ടുവീഴും.
?പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഉണ്ണി മുകുന്ദന്‍ ചിത്രമാണ് ‘മേപ്പടിയാന്‍’. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമയ്ക്കായി ഉണ്ണി മുകുന്ദന്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കോടതിക്ക് മുന്നില്‍ നില്‍ക്കുന്ന ഉണ്ണി മുകുന്ദനെയും സംഘത്തെയുമാണ് പോസ്റ്ററില്‍ കാണാനാവുക. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്‍. ചിത്രത്തില്‍ അഞ്ജു കുര്യന്‍ ആണ് നായികയായി എത്തുന്നത്.
?തനതായ ആലാപന ശൈലി കൊണ്ട് ആരാധകരെ സ്വന്തമാക്കിയ ആര്യ ദയാല്‍ ഇനി സിനിമയിലേക്ക്. നടന്‍ സൂര്യ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘ഉടന്‍പിറപ്പേ’യിലൂടെയാണ് ആര്യ സിനിമ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ ഒരുക്കിയ മെലഡി ആലപിച്ചതായി ആര്യ ദയാല്‍ പറഞ്ഞു. ജ്യോതികയും ശശികുമാറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഉടന്‍ പിറപ്പേ.
?ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍ കമ്പനി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. ചൈനയില്‍ ആണ് ഹോണ്ട ഇലക്ട്രിക് ടൂ വീലര്‍ സെഗ്മെന്റില്‍ ഇറങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റെഗുലര്‍, ലോ-സ്പീഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്‌കൂട്ടര്‍ എത്തുന്നത്. യു-ഗോ ലോ-സ്പീഡ് പതിപ്പിന് 7,999 യുവാന്‍ അഥവാ ഏകദേശം 91,700 രൂപ, റെഗുലര്‍ പതിപ്പിന് 7,499 യുവാന്‍ അഥവാ ഏകദേശം 86,000 രൂപ എന്നിങ്ങനെയാണ് വിലകള്‍.
?തന്നെ തകര്‍ത്തുകളഞ്ഞ ഒരു മനോരോഗത്തെ മാറ്റ് ഹെയ്ത് കീഴ്പ്പെടുത്തിയതിന്റെയും വീണ്ടും ജീവിക്കാന്‍ പഠിച്ചതിന്റെയും യാഥാര്‍ഥ്യമാണിതില്‍. മാറ്റിന്റെ അനുഭവങ്ങളുടെ ഈ തുറന്നുപറച്ചില്‍ വിഷാദത്തിന്റെ വലയില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസവും വിഷാദത്തെ ദൂരെനിന്ന് കാണുന്നവര്‍ക്ക് ഒരു നേര്‍കാഴ്ചയും നല്‍കും. ‘ജീവിച്ചിരിക്കാനുള്ള കാരണങ്ങള്‍’. മാറ്റ് ഹെയ്ഗ്. വിവര്‍ത്തനം – പ്രഭ സക്കറിയാസ്. മഞ്ജുല്‍ പബ്ളിഷിംഗ് ഹൗസ്. വില 269 രൂപ.
?നല്ല ആരോഗ്യമുള്ളതും അഴകുളളതും നീളമുളളതുമായ കണ്‍പീലിയുണ്ടാകാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് കണ്‍പീലി വളരുന്നതിനും കരുത്ത് നല്‍കുന്നതിനും സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് ഒലീവ് ഓയില്‍ കണ്‍പീലിയില്‍ പുരട്ടുന്നത് നല്ലതാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഇവ കണ്‍പീലിയുടെ വളര്‍ച്ചയെ സഹായിക്കും. കറ്റാര്‍വാഴ ജെല്‍ കണ്‍പീലികളില്‍ തേച്ച് പിടിപ്പിക്കുന്നത് കണ്‍പീലികള്‍ക്ക് ആരോഗ്യം നല്‍കാന്‍ സഹായിക്കും. ഗ്രീന്‍ ടീയില്‍ മുക്കിയ കോട്ടണ്‍ കണ്‍പീലിയില്‍ 30 മിനിറ്റ് വയ്ക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് കണ്‍പീലികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും. പെട്രോളിയം ജെല്ലി കണ്‍പീലികളില്‍ പുരട്ടുന്നത് പീലികള്‍ക്ക് കരുത്ത് നല്‍കും. ആല്‍മണ്ട് ഓയിലില്‍ ഒരുമുട്ടയുടെ വെള്ള ചേര്‍ത്ത് കണ്‍പീലിയില്‍ പുരട്ടുന്നത് കൊഴിച്ചില്‍ തടയും.
ശുഭദിനം
കവിത കണ്ണന്‍
സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുക, അതായിരുന്നു അയാളുടെ ആഗ്രഹം. എന്ത് ബിസിനസ്സ് തുടങ്ങണം? ചെയ്യാന്‍ ആഗ്രഹിക്കുന്ന ബിസിനസ്സിനെകുറിച്ച് ആലോചിച്ച് കുറെ കാലം കഴിച്ചുകൂട്ടി. അവസാനം കണ്ടെത്തിയ ബിസിനസ്സിനെ കുറിച്ച് പഠിക്കാന്‍ വീണ്ടും കുറെ കാലം എടുത്തു. വിജയസാധ്യതകള്‍ പഠിച്ചുവന്നപ്പോഴേക്കും കാലം, ആ ബിസിനസ്സിന് അനുയോജ്യമല്ലാതായി. വീണ്ടും മാറിയ ആ കാലത്തിനനുയോജ്യമായ മറ്റൊരു ബിസിനസ്സിനായി തിരച്ചില്‍, വീണ്ടും പഠനം… ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയതല്ലാതെ മറ്റൊന്നും അയാളുടെ ജീവിതത്തില്‍ സംഭവിച്ചില്ല. എല്ലാം ശരിയായിട്ട് തുടങ്ങാം എന്ന് ചിന്തിച്ച് തുടങ്ങാതെ പോയ എത്രയോ നല്ല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്, ഒന്ന് ചിന്തിച്ച് നോക്കൂ.. ആ കാര്യങ്ങള്‍ ചെയ്ത് തുടങ്ങിയാല്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അതുവഴി നല്ല പുരോഗതി ഉണ്ടാകുമെന്നുമെല്ലാം നമുക്ക് അറിയാം. പക്ഷേ, നമ്മുടെ ഉളളിലുള്ള പെര്‍ഫക്ഷനിസ്റ്റ് ചിന്താഗതി നമ്മെ അതിനുവദിക്കാറില്ല. ഒന്നുമറിയാതെ തുടങ്ങിയാല്‍ എവിടെ എത്തും? മറ്റുള്ളവര്‍ എന്ത് വിചാരിക്കും? ഇനി അഥവാ തുടങ്ങിയിട്ട് ശരിയായില്ലെങ്കിലോ? അതിലും ഭേദം എല്ലാമറിഞ്ഞിട്ടും തുടങ്ങുകയല്ലേ? … ഇത്തരം സ്ഥിരം ചിന്താഗതികളാണ് നമ്മെ പല കാര്യങ്ങില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. എല്ലാം അറിഞ്ഞിട്ട് ചെയ്യാന്‍ നിന്നാല്‍ ഒന്നും ചെയ്യല്‍ ഉണ്ടാകില്ല എന്നതാണ് സത്യം. മറിച്ച് അതിനൊരു തുടക്കമിട്ടാല്‍, ഒരു ചെറിയൊരു കാല്‍വെയ്പ് നടത്തിയാല്‍ ഒരു പക്ഷേ നമ്മുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള തുടക്കമായിരിക്കുമത്. ആരുമില്ലെങ്കിലും ഞാന്‍ ചെയ്യേണ്ടത് ചെയ്യും എന്ന ആത്മബോധമാണ് ശരിയായ കാര്യങ്ങള്‍ ചെയ്യാനുള്ള മാനദണ്ഡം. പലതുള്ളി പെരുവെള്ളം എന്നപോലെ ചെറുതെന്ന് തോന്നിക്കുന്ന കര്‍മ്മങ്ങളെല്ലാം ഒരുമിക്കുമ്പോള്‍ അളന്നെടുക്കാന്‍ സാധ്യമല്ലാത്ത അത്ഭുതങ്ങള്‍ സംഭവിക്കുന്നത് കാണാം. നമ്മുടെ ഉള്ളിലുള്ള പെര്‍ഫക്ഷനിസ്റ്റിനെ മാററിനിര്‍ത്താനും നമ്മള്‍ ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ തുടങ്ങാനും ഈ പുതിയ ദിവസത്തിന് സാധിക്കട്ടെ – ശുഭദിനം.