കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ കർക്കിടക വാവുബലി. കഴിഞ്ഞ വർഷത്തെ നിയന്ത്രണങ്ങളിൽ നിന്ന് ഇക്കുറിയും മാറ്റമില്ല. ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും ബലിതർപ്പണം ഇല്ല. ബലിതർപ്പണത്തിനായി കടവിൽ ഇറങ്ങാൻ അനുവദിക്കില്ല.

വീടുകളിൽ തന്നെ പിതൃതർപ്പണ ചടങ്ങുകൾ നടത്തണമെന്നാണ് സർക്കാർ നിർദ്ദേശം.ബലിയിടാൻ അനുമതിയില്ലെങ്കിലും ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും വഴിപാടും നടത്താൻ അവസരം ഉണ്ടാകും.നിയന്ത്രണങ്ങൾ പാലിക്കണം എന്നും സർക്കാർ നിർദേശം നൽകി.

പ്രധാന പിതൃതർപ്പണ കേന്ദ്രങ്ങളിലൊന്നും ഈ കർക്കിടകത്തിലും വാവുബലിയില്ല.
തിരുവനന്തപുരം ശംഖുമുഖം മുതൽ കോഴിക്കോട് വരയ്ക്കൽ കടപ്പുറത്തും വയനാട് തിരുനെല്ലിയിലും കോവിഡ് നിയന്ത്രണമുള്ളതിനാൽ ചടങ്ങുകളില്ല.

നാക്കിലയിൽ ദർഭ പുല്ല് വിരിച്ച് പിതൃക്കളെ ആവാഹിച്ച് ഉപചാരപൂർവ്വം പിണ്ഡം സമർപ്പിക്കുന്നതാണ് ബലി തർപ്പണം. ജലാശയത്തിൽ മത്സ്യങ്ങൾക്കോ, മറ്റിടങ്ങളിൽ ബലി കാക്കകൾക്കോ തർപ്പണം ചെയ്ത ഹവിസ്സ് ഭക്ഷണമായി നൽകണം, ബലിയിട്ട് കൈകൊട്ടി വിളിച്ചാൽ ബലിച്ചോറുണ്ണാൻ ബലി കാക്കകൾ കാത്തിരിക്കും. ദക്ഷിണായനത്തിലെ ആദ്യ അമാവാസിയിലെ ബലിതർപ്പണം മോക്ഷദായകമെന്നാണ് വിശ്വാസം. പൂർവ്വികർക്കും പൈതൃകത്തിനും ചരിത്രത്തിൻ്റെ ഈടുവെപ്പുകൾക്കും ആണ്ടിലൊരിക്കൽ ഓർമ്മകൾ കൊണ്ട് ബലിയിടുന്നതിൻ്റെ പുണ്യമാണ് കർക്കിടക വാവിൻ്റെ സൗന്ദര്യം.

Leave a Reply

Your email address will not be published. Required fields are marked *