NADAMMELPOYIL NEWS
August 08/2021
തിരുവനന്തപുരം; മുസ്ലീം ലീഗിൽ കുഞ്ഞാലിക്കുട്ടി യുഗം അവസാനിച്ചെന്ന് മുൻമന്ത്രി കെ ടി ജലീൽ. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാനും ലീഗിൽ ഒരു തലമുറ ജനിക്കുമെന്നും ജലീൽ പറഞ്ഞു. പാണക്കാട് കുടുംബത്തിന്റെ മേസ്തിരി പണിയെടുക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ കുറിച്ചാണെന്നും ജലീൽ പറഞ്ഞു.
മാഫിയാ രാഷ്ട്രീയത്തിന് എതിരായ താക്കീതാണ് ഇത്. വാക്കുപറഞ്ഞാൽ വാക്കാവണമെന്നും അതുകൊണ്ടാണ് താൻ മറ്റ് കാര്യങ്ങൾ പുറത്തുവിടാത്തതെന്നും ജലീൽ പറഞ്ഞു. മുഈൻ അലി തങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിനാൽ താൻ കൂടുതൽ വിവരങ്ങൾ പുറത്തു വിടുന്നില്ല. ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലെ തീരുമാനങ്ങൾ അറിഞ്ഞ ശേഷമായിരുന്നു ജലീലിന്റെ പ്രതികരണം.
കുഞ്ഞാലിക്കുട്ടി വായതുറക്കാത്ത വാർത്താ സമ്മേളനമാണ് ഇന്ന് നടന്നത്. മുസ്ലീം ലീഗിന്റെ ചരിത്രത്തിലാദ്യമായാണിത്. സാദിഖലി ശിഹാബ് തങ്ങൾക്ക് സ്വസ്ഥമായി കാര്യങ്ങൾ പറയാൻ പറ്റി, ഇ.ടി. മുഹമ്മദ് ബഷീർ അദ്ദേഹത്തിന് പറയാനുള്ളത് മുഴുവൻ പറഞ്ഞു. പി.എം.എ. സലാം ജനറൽ സെക്രട്ടറിയായതിന് ശേഷം ആദ്യമായി വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചു. ആരും മൈക്ക് തട്ടിപ്പറിച്ചില്ലെന്നും അദ്ദേഹം പറയാനുള്ളതെല്ലാം മാദ്ധ്യമങ്ങളോട് പറഞ്ഞുവെന്നും വ്യക്തമാക്കി. കേരളത്തിലെ ജനാധിപത്യ സമൂഹം ആഗ്രഹിച്ചതാണ് ഇന്ന് നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ബ്ലാക്ക്‌മെയിൽ രാഷ്ട്രീയത്തിന്റെ വക്താവാണ് കുഞ്ഞാലിക്കുട്ടി. പി.എം. അബൂബക്കർ സാഹിബിനെയും സേട്ട് സാഹിബിനെയും അടക്കം പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കുഞ്ഞാലിക്കുട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______