NADAMMELPOYIL NEWS
August 08/2021
തലശേരി; ബലിപെരുന്നാൾ തലേന്ന് ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കതിരൂർ ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ റൂബിനെ (19) കണ്ടെത്താൻ പോലീസ് വ്യാപകമായ റെയ്ഡ് നടത്തി.
പ്രതിയുടേയും അടുത്ത ബന്ധുക്കളുടേയും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് സംശയിക്കുന്ന പ്രതിയുടെ ചില ബന്ധുക്കൾക്ക് പോലീസ് നോട്ടീസ് നൽകി.
നരഹത്യ നടന്ന് പത്തൊമ്പത് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്നും കാറിലുണ്ടായിരുന്ന മറ്റ് നാല് പേരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഫറാസിന്റെ മാതാവ് ഫാസില അഡ്വ. കെ. വിശ്വൻ മുഖാന്തിരം കോടതിയിൽ നൽകിയ ഹർജിയിൽ ജില്ലാ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു.
ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കക്ഷി ചേരാനുള്ള ഫാസിലയുടെ ഹർജിയാണ് കോടതി അംഗീകരിച്ചത്. പ്രതിയുടെ മുൻകൂർ ജാമ്യ ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.
കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം 304 നരഹത്യക്കാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. ഓൾട്ടറേഷൻ നടത്തിയ പെജേറോ കാറുമായി അഞ്ചംഗ സംഘം നടു റോഡിൽ നടത്തിയ അഭ്യാസപ്രകടനാണ് ഫറാസിന്റെ മരണത്തിന് കാരണമെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജൂലൈ 20 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
______
മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______