കോഴിക്കോട്∙ കടകൾ തുറക്കാമെന്ന ഉത്തരവ് ഏറെ നാളായി അടഞ്ഞു കിടന്നിരുന്ന വ്യാപാര മേഖലയ്ക്ക് ആശ്വാസമായി. ഓണം വരാനിരിക്കെ വിപണി ഉഷാറാക്കാനുള്ള തയാറെടുപ്പിലാണു വ്യാപാരികൾ. പ്രധാന സീസണുകളിലെല്ലാം അടഞ്ഞു കിടന്ന കടകൾക്ക് ഓണത്തോട് അനുബന്ധിച്ചുള്ള ഇളവുകൾ വലിയ ആശ്വാസമാണ്. ഓണവിപണി മുൻകൂട്ടി കണ്ട് ഇതരസംസ്ഥാനങ്ങളിൽ നിന്നു ചരക്കുകൾ എത്തിച്ചു തുടങ്ങി. അതേസമയം ഉത്തരവിൽ പറഞ്ഞിരിക്കുന്ന ചില നിബന്ധനകളിൽ വ്യാപാരികൾക്ക് ആശങ്കയുണ്ട്.

ജില്ലയിൽ വാക്സീൻ ലഭ്യത വളരെ കുറവാണ്. ഈ സാഹചര്യത്തിൽ കടയിൽ എത്താൻ വാക്സീൻ എടുക്കണമെന്നു പറയുന്നതും ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണമെന്നു പറയുന്നതും തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. കടയിൽ എത്തുന്നവരുടെയെല്ലാം പേരു വിവരങ്ങളും മൊബൈൽ നമ്പറും കഴിഞ്ഞ കോവിഡ് കാലം മുതൽ എഴുതി സൂക്ഷിക്കുന്നുണ്ട്. അതിനാൽ വാക്സീൻ, കോവിഡ് പരിശോധന നിബന്ധന ഒഴിവാക്കണമെന്നാണു വ്യാപാരികളുടെ ആവശ്യം.

ഇക്കാര്യം വ്യാപാരികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നാണ് അറിയുന്നത്. കടകൾ തുറന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നു വ്യാപാരി സംഘടനകൾ വ്യാപാരികൾക്കു നിർദേശം നൽകി. കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചു വേണം പ്രവർത്തനമെന്നും കുട്ടികളെയും പ്രായമായവരെയും കടയിൽ കൊണ്ടു വരുന്നതു പ്രോത്സാഹിപ്പിക്കരുതെന്നും നിർദേശിച്ചു. വ്യാപാരികൾക്കും തൊഴിലാളികൾക്കു വാക്സീൻ വിതരണത്തിൽ മുൻഗണന നൽകുക, വ്യാപാര സമുച്ചയങ്ങൾ കേന്ദ്രീകരിച്ചു കോവിഡ് പരിശോധനകൾ നടത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *