NADAMMELPOYIL NEWS
August 04/2021

കൊല്ലം; കൊട്ടാരക്കര വനിതാസെല്ലിൽ സീനിയോറിട്ടിയെ ചൊല്ലി ഏറ്റുമുട്ടിയ വനിതാ എസ് ഐമാർക്ക് സ്ഥലം മാറ്റം. എസ് ഐമാരായ ഫാത്തിമ ത്രെസിയ, ഡെയ്സി ലൂക്കോസ് എന്നിവരെയാണ് പിങ്ക് പട്രോൾ സംഘത്തിലേക്ക് സ്ഥലംമാറ്റിയത്. റൂറൽ എസ് പിയുടെ ഓഫീസ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. വനിതാ എസ് ഐ ആർ സുശീലാമ്മയ്ക്ക് പകരം വനിതാസെൽ എച്ച് എച്ച് ഒയുടെ ചുമതല നൽകി.
സി.ഐ ആയി പ്രൊമോഷൻ കാത്തിരുന്നവരാണ് ഏറ്റുമുട്ടിയ എസ്ഐമാർ. ഉദ്യോഗസ്ഥർ ഏറ്റുമുട്ടിയത് ഗുരുതര കുറ്റമാണെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് എസ് ഐമാരായ ഫാത്തിമയും ഡെയ്സിയും ഏറ്റുമുട്ടിയത്. വനിതാ സെൽ സി ഐയായിരുന്ന ബി സുധർമ്മ വിരമിച്ചതിന് ശേഷം പകരം നിയമനം നടന്നിരുന്നില്ല. ഇതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഏറെനാളായി വനിതാ സെല്ലിൽ ഒന്നിച്ച് ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.
വനിതാ പൊലീസ് സ്റ്റേഷനിൽ ഏറ്റുമുട്ടിയ എസ് ഐമാരിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. പൊതു ജനസമക്ഷമായിരുന്നു വനിതാ എസ്ഐമാരുടെ കൈയാങ്കളി. വനിതാ സ്റ്റേഷനിൽ എസ്ഐയുടെയും എസ്എച്ച്ഒ യുടെയും ചുമതല വഹിച്ചു വന്നിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഡെയ്സി. കൊട്ടാരക്കരയിലേക്ക് പുനർ നിയമനമായതോടെയാണ് ഇന്നലെ ചുമതലയേക്കാൻ ഡെയ്സി വനിതാ സ്റ്റേഷനിലെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച ഒരറിവും ഫാത്തിമക്കു ലഭിച്ചിരുന്നില്ല. ഇതു മൂലം ചുമതല ഒഴിയാൻ അവർ വിസമ്മതിച്ചു
രാവിലെ മുതൽ തർക്കങ്ങൾ തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്സി അവശ്യപ്പെടുകയും മേശപൂട്ടി താക്കോലെടുക്കുകയും ചെയ്തു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കൈയ്യാങ്കളിയിലെത്തിയത്. പിടി വലിയിൽ ഫാത്തിമയുടെ കൈക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിൽസ തേടിയ ഇവരുടെ കൈയ്ക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. വനിതാ പൊലീസ് സ്‌റ്റേഷനിൽ സഹായം തേടിയെത്തിയ നിരവധി സ്ത്രീകളുടെ മുൻപിലായിരുന്നു കൈയ്യാങ്കളി.

ഫാത്തിമയും ഡെയ്സിയും ഒരേ ബാച്ചിൽ ട്രെയിനിംഗ് കഴിഞ്ഞ് ജോലിക്കു കയറിയവരാണ്. അധികാരസ്ഥാനത്തെ ചൊല്ലി ഇവർ തമ്മിൽ നിലനിൽക്കുന്ന ഈഗോയാണ് സംഭവത്തിനു പിന്നിലെന്ന് സേനയിലുള്ളവർ തന്നെ രഹസ്യമായി പറയുന്നു.വനിതാ ഇൻസ്പെക്ടറുടെ നിയമനം നടക്കാത്തതാണ് അധികാരത്തർക്കത്തിനു കാരണമാകുന്നതെന്നും സഹപ്രവർത്തകരിൽ ചിലർ കഴിഞ്ഞ ദിവസം തന്നെ ചൂണ്ടി കാണിച്ചിരുന്നു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്.ഐ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൈയ്ക്ക് പരിക്കേറ്റ എസ്.ഐ പ്ലാസ്റ്ററിട്ട ശേഷം ആശുപത്രി വിട്ടു. ജി ഡി രജിസ്റ്റര്‍ പരിശോധിക്കുന്നതിന് വേണ്ടിയുള്ള പിടിവലിയാണ് വാക്ക് തര്‍ക്കത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. റൂറല്‍ പൊലിസ് മേധാവിയുടെ മൂക്കിന് കീഴെയാണ് വനിതാ സെല്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്രവലിയ ചേരിതിരിവ് സെല്ലില്‍ നിലനിന്നിട്ടും സ്പെഷ്യൽ ബ്രാഞ്ചിന് മുൻകൂട്ടി വിവരം റൂറൽ എസ്പി ഉൾപ്പെടെയുള്ളവരെ ധരിപ്പിക്കാൻ ആയില്ലെന്ന് ആക്ഷേപമുണ്ട്.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_____

Leave a Reply

Your email address will not be published. Required fields are marked *