NADAMMELPOYIL NEWS
August 02/2021

കോഴിക്കോട്; അധികം സംസാരിച്ച്‌ അബദ്ധങ്ങള്‍ പറഞ്ഞ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മുന്നറിയിപ്പും വിമര്‍ശനവുമായി മുഖ്യമന്ത്രി. മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചതായാണ് വിവരം
പത്തനംതിട്ടയില്‍, കൊവിഡ് വിഷയത്തില്‍ ദൃശ്യ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദൃശ്യ മാധ്യമപ്രവര്‍ത്തക കൂടിയായ മന്ത്രി. ‘ഓണം എത്താറായി, ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കണം, ആഘോഷങ്ങളില്‍നിന്ന് അകന്നു നില്‍ക്കണം. ചടങ്ങുകള്‍ ഒഴിവാക്കണം, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ഓണമായാലും ബക്രീദായാലും ആള്‍ക്കൂട്ടം രോഗവ്യാപനം കൂടാനിടയാക്കു’മെന്നിങ്ങനെയാണ് മന്ത്രി വിശദീകരിച്ചത്.
സുദീര്‍ഘമായ പ്രതികരണം പിടിഐയും റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യസംഘം പരിശോധനയ്ക്ക് എത്തി മുന്നറിയിപ്പ് നൽകുകയും നിയന്ത്രണങ്ങളില്‍ ഇളവിന് ആലോചിക്കുന്നതിനുമിടയിൽ മന്ത്രിയുടെ വിശദീകരണം അനാവശ്യ സംസാരമായെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിമര്‍ശനം വന്നത്. തുടര്‍ന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ) യ്ക്ക് എതിരേ മന്ത്രി വീണ ട്വിറ്ററില്‍ വിമര്‍ശനം ഉയര്‍ത്തി. ട്വീറ്റില്‍, പിടിഐക്ക് പിഴവുപറ്റിയെന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറയുകയും ഞാന്‍ പറഞ്ഞത് ഇതാണ് എന്ന് വീഡിയോ ലിങ്ക് ട്വിറ്റില്‍ ചേര്‍ക്കുകയും ചെയ്തു. അത് വേറൊരു ചാനലില്‍ വന്ന വാര്‍ത്തയായിരുന്നു. ഇത് പുതിയ വിവാദമായി. ഒരു സ്വകാര്യ ചാനലിന് മന്ത്രി ആധികാരികതയും ഔദ്യോഗികതയും നല്കിയെന്നാണ് വിമര്‍ശനം.

മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, കൊവിഡ് പ്രതിരോധത്തിലും നിയന്ത്രണ നടപടിയിലും സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും പരസ്യമായി, പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി എന്ന തരത്തിലായിരുന്നു മന്ത്രി വീണയുടെ വിശദീകരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. അതില്‍, ഓണം, ബക്രീദ് പരാമര്‍ശങ്ങളും പരിപാടികളിലും ബന്ധുവീടുകളിലും പോകരുതെന്നുമുള്ള നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് വിരുദ്ധമായി എന്നാണ് വിലയിരുത്തല്‍. മുന്‍ ആരോഗ്യമന്ത്രിയുടെ വര്‍ത്തമാനങ്ങള്‍ക്ക് ക്ലിപ്പിട്ട മുഖ്യമന്ത്രി വീണാ ജോര്‍ജിനേയും വിലക്കിയേക്കുമെന്നാണ് വിവരം.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *