NADAMMELPOYIL NEWS
August 02/2021

ചെന്നൈ;പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. രാമു കാര്യട്ടിന്റെ ദ്വീപ് (1977) എന്ന ചിത്രത്തില്‍ പാടിയാണ് കല്യാണി പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്.

ക്ലാസിക്കല്‍ സംഗീത വേദികളില്‍ മികച്ച ഗായികയെന്ന് പേരെടുത്ത ശേഷമാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കല്യാണി മേനോന്‍ വന്നത്. എറണാകുളം കാരയ്ക്കാട്ടു മാറായില്‍ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായ കല്യാണി കലാലയ യുവജനോത്സവത്തിലൂടെയാണ് ഗാന രംഗത്തേക്ക് വരുന്നത്.

അഞ്ചാം വയസില്‍ എറണാകുളം ടി.ഡി.എം ഹാളിലെ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന കുട്ടികളുടെ സംഗീത മല്‍സരത്തില്‍ പാടി തുടങ്ങിയ കല്യാണി കോവിഡ് കാലത്തു വരെ സജീവമായിരുന്നു. 1979 ല്‍ ശിവാജി ഗണേശന്റെ നല്ലതൊരു കുടുംബം എന്ന സിനിമയിലൂടെയാണ് തമിഴിലെ അരങ്ങേറ്റം.

ഋതുഭേദകല്‍പന, ജലശയ്യയില്‍, പവനരച്ചെഴുതുന്നു തുടങ്ങിയവയാണ് പ്രശസ്ത ഗാനങ്ങള്‍. അലൈപായുതേ, മുത്തു, കാതലന്‍ തുടങ്ങിയ സിനിമകളില്‍ എ.ആര്‍. റഹ്‌മാന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടിയതോടെ തമിഴകത്ത് സൂപ്പര്‍ ഹിറ്റായി.

96 സിനിമയിലെ കാതലേ കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്. സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോന്‍ മകനാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാര ജേതാവാണ് കല്യാണി മേനോന്‍. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *