NADAMMELPOYIL NEWS
JUNE 29/2021

കോഴിക്കോട്; കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുല്‍ത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് വൈകുന്നേരം ആറ് മണിക്ക് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും.

സഞ്ചാരികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ബീച്ചില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിലാണ് നവീകരണം നടത്തിയത്. വെളുപ്പും കറുപ്പും നിറങ്ങളില്‍ സിനിമകളിലും പുസ്തകങ്ങളിലും അറിഞ്ഞ കോഴിക്കോടിനെ, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലാണ് ചിത്രകാരന്മാര്‍ വരച്ചുവച്ചിരിക്കുന്നത്.

കോഴിക്കോടിന്റെ സാംസ്‌കാരിക നായകന്മാരായ വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ പൊറ്റക്കാട്, എം.എസ് ബാബുരാജ്, എം.ടി വാസുദേവന്‍ നായര്‍, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെയെല്ലാം ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് സൗത്ത് ബീച്ചിന്റെ ചുമരുകളിലുള്ളത്. മിശ്കാല്‍ പള്ളിയും കുറ്റിച്ചിറയും തകര്‍ന്ന കടല്‍പ്പാലവും ഉരു നിര്‍മ്മാണവും ഐസ് ഒരതിയും ബിരിയാണിയും ഉപ്പിലിട്ടതുമെല്ലാം നേരില്‍കാണുന്ന പോലെ കാഴ്ചക്കാര്‍ക്ക് ചിത്രങ്ങളിലൂടെ കാണാന്‍ സാധിക്കും.

മരത്തടിയിലുള്ള ചവറ്റുകുട്ടകള്‍ ബീച്ചില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങള്‍, ഭക്ഷ്യ കൗണ്ടര്‍, ഭിന്നശേഷി റാമ്പുകള്‍, വഴിവിളക്കുകള്‍, ലാന്‍ഡ്‌സ്‌കേപ്പിങ്, നിരീക്ഷണ ക്യാമറകള്‍ തുടങ്ങിയവയാണ് പ്രധാന ഘടകങ്ങള്‍. ശിലാസാഗരം ബീച്ചിലെ ഭീമന്‍ ചെസ് ബോര്‍ഡ്, പാമ്പും കോണിയും തുടങ്ങിയവ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും കോഴിക്കോട് ബീച്ചിനെ വ്യത്യസ്തമാക്കുന്നു. വിനോദസഞ്ചാരികള്‍ എത്തിതുടങ്ങുന്നതോടെ പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപയുടെ വരുമാനം ഡി.ടി.പി.സിക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *