ഗാര്‍ഹികപീഡന പരാതികളില്‍ കര്‍ശന നടപടിക്ക് പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സ്ത്രീ പീഡന കേസുകള്‍ക്കായി പ്രത്യേക കോടതികള്‍ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കണം. കുറ്റവാളികള്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സ്ത്രീധന വിഷയങ്ങള്‍ അടുത്തിടെയായി കേരളത്തില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. നിയമംമൂലം നിരോധിക്കപ്പെട്ട ഈ സാമൂഹിക വിപത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികളുടെ ജീവിതം ഹോമിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഇത് ഇല്ലായ്മ ചെയ്യാനായി ചില പദ്ധതികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവ വിജയകരമായി നടപ്പാക്കാന്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആത്മാര്‍ത്ഥമായ സഹകരണം ആവശ്യമാണ്-മുഖ്യമന്ത്രി പറഞ്ഞു.
അതിക്രമങ്ങള്‍ തടയാന്‍ വാര്‍ഡുതലം മുതല്‍ ബോധവല്‍ക്കരണം നടത്തും. സ്ത്രീകള്‍ക്ക് ഭയമില്ലാതെ പരാതി നല്‍കാനുള്ള സാഹചര്യം ഒരുക്കണം. ഏതെങ്കിലും പ്രദേശത്ത് പൊലീസില്‍ പോയി പരാതിപ്പെടാന്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അങ്ങോട്ടു ചെന്ന് പരാതി സ്വീകരിക്കാന്‍ സൗകര്യമൊരുക്കണം. ഇതിന്റെ ഭാഗമായി വനിതാ പൊലീസ് ഉദ്യോഗസ്ഥ പഞ്ചായത്തുകളില്‍ എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.