NADAMMELPOYIL NEWS
JUNE 20/2021
മലപ്പുറം;കോവിഡ് മാനദണ്ഡങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മറയാക്കി കർശന നടപടികൾ എന്നപേരിൽ അധികാരികൾ സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന വാർത്തകൾ പതിവായിരിക്കുകയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വയറലാകുകയാണ് ഒരു വീഡിയോ.
മകന്റെ വീട്ടിൽനിന്നും തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്ക് മാസ്ക് വെക്കാതെ തുണി അലക്കാനും കുളിക്കാനും പോയ ഒരു വയോധികയ്ക്ക് വഴിയിൽ തടഞ്ഞു നിർത്തി പോലീസ് ഫൈൻ അടപ്പിക്കുന്നു. കാര്യം വ്യക്തമാക്കാതെ നിൽക്കുന്ന വയോധികയുടെ കയ്യിൽ രസീത് എഴുതി നൽകി മകനെയോ മകളെയോ ഏൽപ്പിക്കാൻ പറയുന്നതും വിഡിയോയിൽ ദൃശ്യമാണ്.
വീഡിയോയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മാസ്ക് ധരിക്കുന്നത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം ഫൈൻ അടപ്പിച്ചു നടപടി വൻ വിമർശനങ്ങൾക്ക് വഴിവെച്ചു. 500 പേർ പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങോ, 5000 പേർ പങ്കെടുത്ത സ്ഥാനാരോഹണ ചടങ്ങോ കണ്ടില്ലെന്ന് നടിക്കാമെന്നും സാധാരണക്കാർ മാസ്ക് വെക്കാതിരുന്നാൽ അപ്പോൾ പിഴയടപ്പിക്കണം എന്നും ചിലർ കമന്റിൽ പ്രതികരിച്ചു. വീഡിയോ എടുത്ത് വയോധികയുടെ നിഷ്കളങ്കതയെയും അറിവില്ലായ്മയെയും അധികൃതർ പരിഹസിക്കുകയാണെന്നും വിമർശനം ഉയരുന്നുണ്ട്.
മനുഷ്യത്വം ഇല്ലാത്തവരെ സർക്കാർ സർവീസിൽ എടുക്കുകയാണോ അതോ സർക്കാർ സർവീസിൽ കയറുമ്പോൾ അവശേഷിക്കുന്ന ഒരു തുള്ളിയും ചോർന്നു പോവുകയാണോഎന്നും ചിലർ പരിഹസിക്കുന്നു. എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി പോലീസ് രംഗത്ത് എത്തി. പിഴയൊടുക്കാൻ ആവശ്യപ്പെട്ടില്ലെന്നും മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുകയായിരുന്നു എന്നുമാണ് പോലീസ് ഭാഷ്യം.