NADAMMELPOYIL NEWS
SEPTEMBER 01/2022
കോഴിക്കോട് : കൂടത്തായി കേസിൽ സിലിയുടെ മൃതദേഹാവശിഷ്ടത്തിൽ സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ച ലാബ് അധികൃതരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. സിലിയുടെ മൃതദേഹാവശിഷ്ടത്തിൽ വിഷാംശമുണ്ടെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്.
കൂടത്തായ് കൊലപാതക പരമ്പരയിലെ ആറിൽ അഞ്ചുകൊലപാതകവും സയനൈഡ് ഉപയോഗിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കണ്ടെത്തൽ. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും ടോം തോമസ് , റോയ് തോമസ് , മാത്യു മഞ്ചാടിയിൽ , സിലി , ആൽഫൈൻ എന്നിവരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി വധിച്ചെന്നാണ് നിഗമനം.
കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങളുടെ സാമ്പിളെടുത്ത് രാസപരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിലാണ് ഹൈഡ്രജൻ സയനൈഡിന്‍റെ സാന്നിധ്യം വ്യക്തമായത് . ഈ റിപ്പോർട്ട് തയ്യാറാക്കിയ ഫോറൻസിക് വിദഗ്ധരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക. ഇക്കാര്യം സ്പെഷൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണിക്കൃഷ്ണൻ പ്രത്യേക കോടതിയെ ബോധിപ്പിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം അനുബന്ധ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. കൂടത്തായ് കൊലപാതക പരമ്പരയിലെ എല്ലാ കേസുകളും കോടതി അടുത്തമാസം പതിനാറിന് വീണ്ടും പരിഗണിക്കും.