NADAMMELPOYIL NEWS
JULY 27/2022

കോഴിക്കോട്: യുവ എഴുത്തുകാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ സംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ലൈംഗിക അതിക്രമം, പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. പരാതിക്കാരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കും. ഇത് കൂടി പരിഗണിച്ചാവും മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമെടുക്കുക. സിവിക് ചന്ദ്രന്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, പ്രതിക്കെതിരെ യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് പരാതിക്കാരി പറയുന്നു. മാത്രമല്ല അതിക്രമം നടന്ന കെട്ടിടം കാണിച്ച് കൊടുക്കുകയും അന്വേഷണ സംഘത്തിന് വിശദമായ മൊഴി നല്‍കുകയും ചെയ്തെങ്കിലും ഇതെല്ലാം വീണ്ടും ചെയ്യാണ് പൊലീസ് ആവശ്യപ്പെടുന്നത്. ലൈംഗീക അതിക്രമം നേരിടേണ്ടി വരുന്ന ഒരാളോട് കാട്ടുന്ന ക്രൂരതയാണിത്. പരാതി നല്‍കിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വലിയ അധിക്ഷേപമാണ് തനിക്ക് നേരിടേണ്ടി വരുന്നത്. താന്‍ ഭാഗമായിരുന്ന പാഠഭേധം മാസികയിലും നിലാനൃത്തം എന്ന പേരിലുളള കവികളുടെ ഗ്രൂപ്പിലും താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഒരാള്‍ പോലും നിയമ നടപടികള്‍ക്ക് പിന്തുണ നല്‍കിയില്ല. പാഠഭേധം മാസിക നിയോഗിച്ച ആഭ്യന്തര പരാതി പരിഹാര സെല്‍ അംഗങ്ങളുടെ പ്രതികരണവും തന്‍റെ പരാതിയെ സംശയിക്കുന്ന നിലയിലായിരുന്നെന്നും പരാതിക്കാരി പറയുന്നു.

അതേസമയം, പരാതിക്കാരി ദലിത് വിഭാഗത്തില്‍ നിന്നുളള വ്യക്തി ആയതിനാല്‍ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷിക്കുന്നതെന്നും ഇതിന്‍റെ ഭാഗമായുളള നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു. സിവിക് ചന്ദ്രനാകട്ടെ പരാതി ഉയര്‍ന്ന ശേഷം ഒളിവിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *